യു.എസ് ഓപ്പണ്‍ ഫൈനലില്‍ ഇതിഹാസതാരം സെറീന വില്യംസ് കാനഡയുടെ 19 കാരി ബിയാങ്ക ആന്ദ്രീസ്ക്കുവിനെ നേരിടും. ചെറുപ്പകാലം മുതല്‍ കൊണ്ട് നടന്ന സ്വപ്നം ആണ് കനേഡിയന്‍ താരം ഫൈനല്‍ പ്രേവേശനത്തിലൂടെ പൂര്‍ത്തിയാക്കിയത്. 24 മത്തെ ഗ്രാന്റ് സ്‌ലാം ലക്ഷ്യമിടുന്ന സെറീനക്കു കഴിഞ്ഞ വര്‍ഷം ഒസാക്കയില്‍ നിന്നു നേരിട്ട പോലൊരു തിരിച്ചടി കഴിവുള്ള കനേഡിയന്‍ താരത്തില്‍ നിന്ന് നേരിടുമോ എന്നു കണ്ടറിയണം. 5 സീഡ് ഉക്രൈന്‍ താരം എലീന സ്വിവിറ്റോലീനയെ അക്ഷരാര്‍ത്ഥത്തില്‍ അപ്രസക്തമാക്കിയാണ് 8 സീഡായ സെറീന ഫൈനലിലേക്ക് മുന്നേറിയത്. തുടക്കം മുതല്‍ തന്നെ ഉജ്ജ്വല ഫോമില്‍ ആയിരുന്ന സെറീന ആദ്യ സെറ്റ് 6-3 നു നേടിയപ്പോള്‍ രണ്ടാം സെറ്റ് 6-1 നു സ്വന്തമാക്കി ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തു.
നേരിട്ടുള്ള സെറ്റുകള്‍ക്ക് 13 സീഡ് ബെലിന്ത ബെനചിച്ചിനെ മറികടന്നാണ് ബിയാങ്ക തന്റെ ആദ്യ ഗ്രാന്റ് സ്‌ലാം ഫൈനലിലേക്ക് മുന്നേറിയത്. റോജേഴ്‌സ് കപ്പ് ജേതാവ് കൂടിയായ കനേഡിയന്‍ താരം ആദ്യസെറ്റില്‍ മികച്ച പോരാട്ടം ആണ് നേരിട്ടത്. എന്നാല്‍ ടൈബ്രേക്കറിലൂടെ ആദ്യ സെറ്റ് നേടിയ ബിയാങ്ക രണ്ടാം സെറ്റ് 7-5 നും സ്വന്തമാക്കി ഫൈനലിലേക്ക് മുന്നേറി. തന്റെ ചെറുപ്പത്തിലെ ഏറ്റവും വലിയ റോള്‍ മോഡല്‍ ആയി കരുതുന്ന സെറീനയെ നേരിടുക വലിയ സ്വപ്നസാക്ഷാത്കാരമായാണ് കനേഡിയന്‍ താരം കാണുന്നത്. സെമിയിലെ പ്രകടത്തിലൂടെ തന്നെ അങ്ങനെ എഴുതിതള്ളാന്‍ ആയിട്ടില്ല എന്ന സന്ദേശവും ബിയാങ്ക സെറീനക്കു നല്‍കി. ചരിത്രനേട്ടം സെറീന കൈവരിക്കുമോ അല്ല ന്യൂയോര്‍ക്കില്‍ പുതിയ താരോദയം ഉണ്ടാകുമോ എന്നു കാത്തിരുന്നു കാണാം.