ലാഹോര്‍: പാകിസ്താന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച ലെഗ് സ്പിന്നര്‍മാരില്‍ ഒരാളായ അബ്ദുള്‍ ഖാദിര്‍ (63) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. വീട്ടില്‍ വച്ച് നെഞ്ചുവേദന അനുഭവപ്പെട്ട ഖാദിറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പൊഴേയ്ക്കും മരണം സംഭവിച്ചിരുന്നു.
എണ്‍പതുകളില്‍ ഇമ്രാന്‍ ഖാന്‍ നയിച്ച പാക് ടീമിന്റെ ബൗളിങ് നെടുന്തൂണായിരുന്നു ഖാദിര്‍. പാകിസ്താനുവേണ്ടി 67 ടെസ്റ്റും 104 ഏകദിനങ്ങളും കളിച്ചിട്ടുള്ള ഖാദിര്‍ 368 വിക്കറ്റുകളാണ് വീഴ്ത്തിയത്. ഏറെ ശ്രദ്ധേയമായിരുന്നു ഖാദിറിന്റെ ആംഗുലര്‍ ബൗളിങ് ആക്ഷന്‍. സമാനതകളില്ലാത്ത ഈ ബൗളിങ് ആക്ഷനെ അനുകരിച്ചാണ് പില്‍ക്കാലത്ത് പാക് സ്പിന്നിന്റെ നട്ടെല്ലായിരുന്നു മുഷതാഖ് അഹമ്മദ് ശ്രദ്ധേയനായത്.
ജാവേദ് മിയാന്‍ദാദിന്റെ അഭാവത്തില്‍ അഞ്ച് അന്താരാഷ്ട്ര ഏകദിനങ്ങളില്‍ പാക് ടീമിനെ നയിച്ചിട്ടുണ്ട്. ഇതില്‍ നാല് മത്സരങ്ങളിലും തോല്‍വിയായിരുന്നു ഫലം.
ഖാദിറിനെ കുറിച്ച് ഓര്‍ക്കുമ്ബോള്‍ ഇന്നും ഇന്ത്യന്‍ ആരാധകരുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നത് ഒരു പ്രദര്‍ശന മത്സരത്തില്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടെ കൈയില്‍ നിന്നേറ്റ പ്രഹരമാണ്. പലകുറി ഖാദിര്‍ തെറിവിളിച്ചെങ്കിലും അക്ഷോഭ്യനായി നിന്ന് വെട്ടിക്കെട്ട് ഉതിര്‍ക്കുകയായിരുന്നു അന്ന് പതിനാറുകാരനായ സച്ചിന്‍.
പാക് ക്രിക്കറ്റ് അധികാരികളെ നിരന്തരമായി വിമര്‍ശിച്ചിരുന്നെങ്കിലും 2009ല്‍ പാക് ടീമിന്റെ ചീഫ് സെലക്ടറായി നിയമിതനായിരുന്നു ഖാദിര്‍. ഈ ടീമാണ് ഇംഗ്ലണ്ടില്‍ നടന്ന ടി20 ലോകകപ്പ് നേടിയത്. എന്നാല്‍, അന്നത്തെ പേസ് ബൗളര്‍ ഷൊയകിബ് അക്തറിനെ ടീമിലെടുക്കാത്തതിന്റെ പേരില്‍ പി.സി.ബി ചെയര്‍മാന്‍ ഇജാസ് ബട്ടുമായി ഉടക്കി ടൂര്‍ണമെന്റിന്റെ പാതിവഴിയില്‍ ചീഫ് സെലക്ടര്‍ സ്ഥാനം രാജിവയ്ക്കുകയും ചെയ്തു ഖാദിര്‍. ഏറെക്കാലം കമന്റേറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഒരു മകളും നാല് ആണ്‍മക്കളുമാണുള്ളത്. മകള്‍ വിവാഹം കഴിച്ചിരിക്കുന്നത് ബാറ്റ്‌സ്മാന്‍ ഉമര്‍ അക്മലിനെയാണ്. നാല് ആണ്‍മക്കളും ക്രിക്കറ്റ് താരങ്ങളാണ്.
എനിക്കൊരു നല്ല സുഹൃത്തിനെ നഷ്ടപ്പെട്ടുവെന്നാണ് പ്രധാനമന്ത്രിയും മുന്‍ നായകനുമായ ഇമ്രാന്‍ ഖാന്‍ പ്രതികരിച്ചത്.