ആലത്തൂര്‍:ഓണത്തിന് മില്‍മ മലബാര്‍ മേഖലാ യൂണിയന് റിക്കാര്‍ഡ് പാല്‍ വില്‍പ്പന. മില്‍മയുടെ മലബാര്‍ മേഖലാ യൂണിയന്‍ തിരുവോണ നാളില്‍ മാത്രം 13 ലക്ഷം ലിറ്റര്‍ പാല്‍ വില്‍പ്പന നടത്തി. കഴിഞ്ഞ വര്‍ഷം ഇത് 11.75 ലിറ്ററായിരുന്നു. പാലിന് പുറമെ അഞ്ചുലക്ഷത്തി അമ്പതിനായിരം കിലോഗ്രാം തൈരും വില്‍പ്പന നടത്തി. ഓണക്കാലത്ത് മൂന്ന് ദിവസങ്ങളിലായി ആകെ 27 ലക്ഷം ലിറ്റര്‍ പാല്‍ വില്‍പ്പന നടത്തുവാന്‍ സാധിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പാല്‍ വില്‍പ്പനയില്‍ 12 ശതമാനവും തൈര് വില്‍പ്പനയില്‍ 19 ശതമാനവും വര്‍ദ്ധനവ് ഉണ്ടായി.പാലിനും തൈരിനും പുറമെ ഓണക്കാലത്ത് നെയ്യ്, പാലട, ബട്ടര്‍ എന്നിവക്കും നല്ല വില്‍പ്പന നേടുവാന്‍ സാധിച്ചിട്ടുണ്ട്. പുതിയതായി മലബാര്‍ യൂണിയന്‍ വിപണിയിലിറക്കിയ സേമിയ പായസം, ചീസ് , യോഗര്‍ട്ട് എന്നിവക്കും മികച്ച വില്‍പ്പനയുണ്ടായിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് യഥേഷ്ടം പാലും പാലുല്‍പ്പന്നങ്ങളും ലഭ്യമാക്കുന്നതിന് എല്ലാ പ്രധാന സ്ഥലങ്ങളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മില്‍മ ഷോപ്പികള്‍ പ്രവര്‍ത്തിച്ചിരുന്നു. മലബാറില്‍ ഓണാവശ്യത്തിന് അധികമായി വേണ്ടി വന്ന പാല്‍ കര്‍ണ്ണാടക ഗവണ്‍മെന്റിന്റെ മില്‍ക്ക് ഫെഡറേഷനില്‍ നിന്നാണ് ലഭ്യമാക്കിയത്. മലബാറിലെ ആറ് ജില്ലകളില്‍ എല്ലായിടത്തും പാലിന്റെയും പാലുല്‍പ്പന്നങ്ങളുടെയും ലഭ്യത ഉറപ്പാക്കുവാന്‍ മില്‍മക്ക് സാധിച്ചിട്ടുണ്ടെന്ന് മാനേജിംഗ് ഡയറക്ടര്‍ കെ.എം.വിജയകുമാരനും അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ യൂസഫ് കോറോത്തും അറിയിച്ചു.