മലപ്പുറം : രാജ്യത്ത് ആശ പ്രവര്‍ത്തകര്‍ക്ക് ഏറ്റവും അധികം വേതനം നല്‍കുന്നത് കേരളത്തിലാണെന്ന് ആരോഗ്യ മന്ത്രി വീണാജോര്‍ജ് പറഞ്ഞു. എടക്കര കുടുംബാരോ ഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആശ, അങ്കണവാടി ജീവനക്കാരടക്കം എല്ലാവരെയും ചേര്‍ത്ത് പിടിക്കുന്ന സമീപനമാണ് സര്‍ക്കാരിനുള്ളത്. സ്ത്രീ സന്നദ്ധ പ്രവര്‍ത്തകര്‍ എന്നതില്‍ നിന്നും തൊഴിലാളികള്‍ എന്ന നിലയിലേക്ക് കേന്ദ്രം അംഗീകരിച്ചാല്‍ മാത്രമേ അവരുടെ പ്രശ്‌നങ്ങള്‍ക്ക് പൂര്‍ണമായും പരിഹാരം കാണാന്‍ കഴിയൂ എന്നും മന്ത്രി പറഞ്ഞു. എടക്കര പഞ്ചായത്ത് പ്രസിഡന്റ് ഒ ടി ജയിംസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ‘ആര്‍ദ്രം’ പദ്ധതിയുടെ ഭാഗമായി ദേശീയ ആരോഗ്യ ദൗത്യത്തിന്റെ 1.27 കോടി ചെലവിലാണ് എടക്കര കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടം നിര്‍മ്മിച്ചത്. ഫാര്‍മസി സ്‌റ്റോര്‍, ആധുനിക രീതിയിലുളള ഒപി കൗണ്ടര്‍ പരിശോധനാമുറി, ആധുനിക ലാബ് സൗകര്യം, കാത്തിരിപ്പ് സ്ഥലം, ഒബ്‌സര്‍വേഷന്‍ റൂം, മുലയൂട്ടല്‍ മുറി, ജീവനക്കാര്‍ക്കും രോഗികള്‍ക്കുമുളള ശൗചാലയം എന്നിവ പുതിയ കെട്ടിടത്തിലുണ്ട്.
മികച്ച അങ്കണവാടി പ്രവര്‍ത്തകകക്കുള്ള അംഗീകാരം നേടിയ പി പി സീനത്തിനെ മന്ത്രി ആദരിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ. ജെ. റീന, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പുഷ്പവല്ലി, ജില്ലാ പഞ്ചായത്ത് അംഗം ഷോറോണ റോയ്, എടക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ആയിഷകുട്ടി, ബ്ലോക്ക് പഞ്ചായത്ത് അംഗം മോസന്‍ പാര്‍ളി, എടക്കര പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സിന്ധു പ്രകാശ്, കബീര്‍ പാനോളി, ഫസല്‍ മുജീബ്, ഗ്രാമ പഞ്ചായത്ത് അംഗം പി മോഹനന്‍, ആരോഗ്യ കേരളം പ്രോഗ്രാം മാനേജര്‍ ടി എന്‍ അനൂപ്, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ കെ കെ പ്രവീണ, ചുങ്കത്തറ ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ പികെ ബഹാവുദ്ദീന്‍, കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ എം അമീന്‍ ഫൈസല്‍, എന്നിവര്‍ സംസാരിച്ചു.
