കോട്ടോപ്പാടം: തിരുവിഴാംകുന്ന് ഇരട്ടവാരിയില്‍ വീടിനകത്തുനിന്നും മാനിറച്ചി പിടികൂടിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ഇരട്ടവാരി സ്വദേശികളായ പാറപ്പുറ ത്ത് റാഫി (32), പാലൊളി കുഞ്ഞയമു (38) എന്നിവരെയാണ് വനംവകുപ്പധികൃതര്‍ പിടികൂടിയത്. ഇരുവരും ഒളിവിലായിരുന്നു. രഹസ്യവിവരത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ ചൊവ്വാഴ്ച തിരുവിഴാംകുന്ന് ഫോറസ്റ്റ്് സ്റ്റേഷന്‍ ഡെപ്യൂട്ടി റേഞ്ച്് ഓഫിസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് റാഫിയുടെ വീട്ടില്‍നിന്നും മാനിറച്ചി കണ്ടെത്തിയത്. വീടിനുപരിസരത്തെ ഉപയോഗശൂന്യമായ കിണറ്റില്‍ നിന്നും മാനിന്റെ തല, കൈകാലുകള്‍, തോല്‍ മറ്റുഅവശിഷ്ടങ്ങളും കണ്ടെടുത്തു. തുടര്‍ന്ന് ഒളിവില്‍ പോയ പ്രതികള്‍ക്കായി തിരച്ചില്‍ശക്തമാക്കിയതോടെ വെള്ളിയാഴ്ച ഇവര്‍ അന്വേഷണ ഉദ്യോഗസ്ഥനായ മണ്ണാര്‍ക്കാട് റേഞ്ച് ഓഫിസര്‍ക്ക് മുന്‍പാകെ കീഴടങ്ങുകയായിരുന്നു. ഡിഎഫ്ഒ. സി. അബ്ദുള്‍ ലത്തീഫ് മൊഴി രേഖപ്പെടുത്തി. തുടര്‍ന്ന് പ്രതികളുമായി തെളിവെടുപ്പ് നടത്തി. ഇവരുടെ വീടിനുസമീപത്തുനിന്നും അരകിലോമീറ്റര്‍ മാറിയുള്ള സ്വകാര്യ റബര്‍തോട്ടത്തില്‍വച്ചാണ് മാനിനെ വെടിവെച്ചത്. വെടിവെക്കാനുപയോഗിച്ച തോക്കും തിരകളും ഇറച്ചിയാക്കാനുപ യോഗിച്ച കത്തിയും പാത്രങ്ങളും മറ്റും കണ്ടെടുത്തു. കേസില്‍ കൂടുതല്‍പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതുസംബന്ധിച്ചുള്ള വിവരങ്ങളും ശേഖരിച്ചുവരികയാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തിരുവിഴാംകുന്ന് ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ.സുനില്‍കുമാര്‍, സൈലന്റ്‌വാലി സെക്ഷന്‍ഫോറസ്റ്റ് ഓഫിസര്‍ മറ്റ് വനപാലകരായ ജെയ്‌സണ്‍, ജിതിന്‍ മോന്‍, എം.ചന്ദ്രന്‍, അബ്ദു എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
