റോഡുകള്‍ തകര്‍ന്നുകിടക്കുന്ന അവസ്ഥ ഒഴിവാക്കാന്‍ സംസ്ഥാനത്ത് റണ്ണിങ് കോണ്‍ട്രാക്റ്റ് സംവിധാനം നടപ്പാക്കുമെന്ന് പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ആലത്തൂര്‍ നിയോജകമണ്ഡലത്തിലെ പുന്നപ്പാടം (മമ്പാട്) ക്രോസ്വേ പാലം നിര്‍മ്മാണോദ്ഘാടനം , നവീകരിക്കപ്പെട്ട കുഴല്‍മന്ദം ബസാര്‍ റോഡ്, ആലത്തൂര്‍ മരുതംതടം റോഡ് എന്നിവയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഗുണനിലവാരമുള്ള നിര്‍മ്മാണ രീതിയായ ബി.എം. ആന്‍ഡ് ബിസി മാതൃകയില്‍ നിലവിലെ റോഡുകളുടെ പരിപാലന കാലാവധി മൂന്ന് കൊല്ലമാണ്. ഇതുകഴിഞ്ഞാല്‍ റോഡ് നോക്കാന്‍ ആളില്ലാതെ തകര്‍ന്നുകിടക്കുന്ന സ്ഥിതി വരുന്നു. ഇത് ഒഴിവാക്കാന്‍ രണ്ടുവര്‍ഷം കഴിയുമ്പോള്‍ പരിപാലന ചുമതല ഏല്‍പ്പിക്കുന്നതാണ് റണ്ണിങ് കോണ്‍ട്രാക്റ്റ്. ഇത്തരം സംവിധാനം രാജ്യത്ത് ആദ്യമാണെന്നും മന്ത്രി പറഞ്ഞു.
പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കുകയാണ് ലക്ഷ്യമെന്നും അതിനുള്ള നടപടികളാണ് വകുപ്പ് നടത്തുതെന്നും മന്ത്രി പറഞ്ഞു.വെറും 29000 കി.മീറ്റര്‍ മാത്രമുള്ള പൊതുമരാമത്ത് വകുപ്പ് റോഡുകളാണ് ഏറ്റവും കൂടുതല്‍ വാഹങ്ങള്‍ ഉപയോഗിക്കുന്നത്. ഇതിനെ നേരിടാന്‍ ദേശീയപാത, തീരദേശ പാത, മലയോര പാത എന്നിവയുടെ വികസനം കൊണ്ട് മാത്രം കഴിയില്ല. അതുകൊണ്ടാണ് കെ. റെയില്‍ പോലുള്ള ബദല്‍ പദ്ധതികള്‍ കാലത്തിന്റെ ഉത്തരവാദിത്തമായി സര്‍ക്കാര്‍ തിരിച്ചറിഞ്ഞുകൊണ്ട് ചെയ്യുന്നത്. ഒരാള്‍ക്കും പരാതികള്‍ ഇല്ലാത്ത രീതിയിലാണ് സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നും ദേശീയപാതാ വികസനത്തിന് രാജ്യത്ത് എല്ലായിടത്തും കേന്ദ്ര സര്‍ക്കാര്‍ പണം മുടക്കുമ്പോള്‍ കേരളത്തില്‍ ഭൂമി ഏറ്റെടുക്കലിലെ പ്രശനം പരിഹരിക്കാന്‍ തുകയുടെ 25 ശതമാനം സര്‍ക്കാര്‍ ഏറ്റെടുത്ത് മികച്ച നഷ്ടപരിഹാരം ഉറപ്പാക്കിയതായും മന്ത്രി പറഞ്ഞു.
കെ.ഡി. പ്രസേനന്‍ എം.എല്‍.എ. അധ്യക്ഷനായ പരിപാടിയില്‍ കിഴക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കവിത മാധവന്‍, ജില്ലാ പഞ്ചായത്ത് അംഗം അനിതാ പോള്‍സണ്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികളായ വി. രാധാകൃഷ്ണന്‍, വി.പ്രേമലത, എന്‍.ശിവദാസന്‍, സജിത ശിവദാസ്, വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.