പാലക്കാട് :കുടുംബശ്രീ സംസ്ഥാന കലോത്സവത്തിൽ നാടൻപാട്ടിൽ കാസർഗോഡ് ജില്ല ഒന്നാം സ്ഥാനം നേടി. പാലക്കാട് അട്ടപ്പാടി ഊരിലെ ഇരുള വിഭാഗത്തിന്റെ തനത് പാരമ്പര്യ ഗോത്ര കലയായ ഇരുളാട്ടപാട്ടാണ് അവതരിപ്പിച്ചത്. മരണാനന്തര വേളകളിലും കംബള വേളകളിലും നോമ്പിയാഘോഷങ്ങളിലുമാണ് ഇത് അവതരിപ്പിക്കുന്നത്. തനത് നാട്ടുവാദ്യങ്ങളായ ധവിൽ, ബരെ, തുടി,മണി,ജൽഡ്രെ എന്നിവയാണ് ഉപയോഗിക്കുന്നത്. മൂന്നുവർഷമായി വ്യത്യസ്തമായ തനതു നാടൻപാട്ടുകൾ കൊണ്ടുവന്ന് സംസ്ഥാന തലത്തിൽ ശ്രദ്ധ നേടിയ സംഘത്തെ പരിശീലിപ്പിച്ചത് രവീന്ദ്രൻ പി വാണിയമ്പാറയാണ്. അട്ടപ്പാടി ഊരിലെ ഇരുള വിഭാഗത്തിന്റെ പാരമ്പര്യത്തെയും കലാ സംസ്കാരത്തെയും നേരിട്ടറിഞ്ഞു ഇരുളാട്ടപ്പാട്ടിനെക്കുറിച്ച് നിരീക്ഷണം നടത്തിയ വ്യക്തിയാണ് രവീന്ദ്രൻ. ലളിത നാരായണൻ, ശ്യാമള ഗോപി, സുധ സുരേഷ്, പ്രഭ രാജൻ, സിൽന സുനിൽ, നിഷിത നാരായണൻ, അർച്ചന സുരേഷ് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.