പാലക്കാട്:ജില്ലയിലെ 13 ബ്ലോക്ക് പഞ്ചായത്തുകളും ഐ.എസ്.ഒ അംഗീകാര മികവ് സ്വന്തമാക്കിയതായി അസി. ഡെവലപ്‌മെന്റ് കമ്മീഷന്‍ (ജനറല്‍) കെ. ജി ബാബു അറിയിച്ചു. കഴിഞ്ഞ ദിവസം പാലക്കാട് ബ്ലോക്കിനും കൂടി അംഗീകാരം ലഭിച്ചതോടെ സംസ്ഥാനത്ത് ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്ന സമ്പൂര്‍ണ ബ്ലോക്ക് പഞ്ചായത്തുകള്‍ ഉള്ള അഞ്ചാമത്തെ ജില്ലയായി പാലക്കാട് മാറി. മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി സേവനങ്ങള്‍ സുതാര്യമാക്കിയാണ് ബ്ലോക്ക് പഞ്ചായത്തുകള്‍ നേട്ടം കൈവരിച്ചിരിക്കുന്നത്.
മികച്ച രീതിയില്‍ ഉള്ള ഓഫിസ് സംവിധാനങ്ങള്‍ക്കും സേവനങ്ങള്‍ക്കുമായാണ് ഐ.എസ്.ഒ 9001-2015 അംഗീകാരം ലഭിക്കുക. കോട്ടയം, കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍ എന്നീ ജില്ലകളാണ് പാലക്കാടിനു മുന്‍പ് നേട്ടം കൈവരിച്ച മറ്റു ജില്ലകള്‍.
വിവിധ ആവശ്യങ്ങള്‍ക്കായി ബ്ലോക്ക് പഞ്ചായത്തില്‍ എത്തുന്ന പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യപ്രദവും സൗഹാര്‍ദപരവുമായ അന്തരീക്ഷം സൃഷ്ടിക്കുക, ആവശ്യമായ രേഖകള്‍ മൂന്ന് മിനിറ്റിനുള്ളില്‍ ലഭ്യമാകുന്ന രീതിയില്‍ റെക്കോര്‍ഡുകള്‍ സൂക്ഷിക്കുക, ഫ്രണ്ട് ഓഫീസ്, റീഡിങ് റൂം, ഇന്‍ഫര്‍മേഷന്‍ സെന്റര്‍, പരാതി പെട്ടികള്‍, ഫീഡ് ബാക്ക് രജിസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്തിന്റെ വിശദമായ ഭൂപടം, ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ഫോണ്‍ നമ്പര്‍, ഹാജര്‍ ബോര്‍ഡ്, ഓഫീസുകളിലേക്കുള്ള സിഗ്‌നല്‍ ബോര്‍ഡ്, ജനപ്രതിനിധികള്‍ക്കുള്ള ഓഫീസ് റൂം തുടങ്ങിയ സേവനങ്ങള്‍ സജ്ജീകരിക്കുക എന്നിവയാണ് അംഗീകാരം ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍. ഈ സൗകര്യങ്ങള്‍ ഓരോ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലും മികച്ച രീതിയില്‍ സജ്ജീകരിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ഗുണനിലവാരത്തിനുള്ള അംഗീകാരം നല്‍കുന്ന ന്യൂ ഡല്‍ഹി ആസ്ഥാനമായ ടി ക്യു ഏജന്‍സി മുഖേനയാണ് ബ്ലോക്ക് പഞ്ചായത്തുകള്‍ അംഗീകാരം നേടിയിരിക്കുന്നത്.