പുതുപ്പരിയാരം: ഗ്രാമപഞ്ചായത്തിന്റെ മാലിന്യ സംസ്‌കരണ രീതികള്‍ കണ്ടുപഠിക്കാന്‍ സംസ്ഥാനത്തെ വിവിധ നഗരസഭകളില്‍ നിന്നുള്ള സംഘങ്ങള്‍ സന്ദര്‍ശനം തുടരുന്നു. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള നഗരസഭകളിലെ ഹരിത കര്‍മ്മസേനകള്‍ക്ക് പരിശീലനം നല്‍കാന്‍ പുതുപ്പരിയാരം ഗ്രാമപഞ്ചായത്തിലെ മാലിന്യ സംസ്‌കരണ പ്ലാന്റ്് തൃശ്ശൂര്‍ കിലയുടെ ആഭിമുഖ്യത്തിലാണ് തിരഞ്ഞെടുത്തിരിക്കുന്നത്. പരിശീലനത്തിന്റെ ഭാഗമായി 15 നഗരസഭകളില്‍ നിന്നുള്ള 540 ഓളം ഹരിത കര്‍മ്മ സേനാംഗങ്ങള്‍ ഇതുവരെ പ്ലാന്റ് സന്ദര്‍ശിച്ചിട്ടുണ്ട്. മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനുള്ള മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി (എം.സി.എഫ്) സെന്റര്‍, സംസ്‌കരണ പ്ലാന്റ് എന്നിവ സന്ദര്‍ശിക്കാനും ഹരിതകര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് മനസ്സിലാക്കുകയുമാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം. മുണ്ടൂര്‍ ഐ.ആര്‍.ടി.സിയുടെ സഹകരണത്തോടെയാണ് പുതുപരിയാരം ഗ്രാമപഞ്ചായത്തില്‍ മാലിന്യസംസ്‌കരണം നടപ്പാക്കി വരുന്നത്.
ദിവസേന 450 കിലോ ജൈവ മാലിന്യമാണ് പുതുപ്പരിയാരം പ്ലാന്റില്‍ എത്തുന്നത്. സ്ഥാപനങ്ങള്‍, കല്യാണമണ്ഡപങ്ങള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളിലെ ജൈവമാലിന്യം പുതുപ്പരിയാരത്തെ പ്ലാന്റ് ജീവനക്കാരുടെ നേതൃത്വത്തിലും 21 വാര്‍ഡുകളിലെ മാലിന്യങ്ങള്‍ മുപ്പതംഗ ഹരിതകര്‍മ്മസേനയാണ് ശേഖരിച്ചു പോരുന്നത്. പ്ലാന്റില്‍ എത്തിക്കുന്ന ജൈവമാലിന്യം ഇനാക്കുലവും ചകിരിച്ചോറും ചേര്‍ത്ത് വളമാക്കി കൃഷിഭവന്‍ മുഖേന 15 രൂപ നിരക്കില്‍ കര്‍ഷകര്‍ക്കായി വില്‍പ്പനയും നടത്തുന്നുണ്ട്.
ഗ്രാമപഞ്ചായത്തിലെ വീടുകളില്‍ നിന്ന് ശേഖരിക്കുന്ന പുനരുത്പാദിപ്പിക്കാനാവുന്നതും അല്ലാത്തതുമായ അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ച് ശേഖരിച്ച് നിലവില്‍ സിഡ്കോക്ക് വില്‍പ്പന നടത്തി വരുന്നുണ്ട്. 12.5 ടണ്‍ പുനരുല്‍പാദിപ്പിക്കാന്‍ ആവുന്നതും 2.14 ടണ്‍ അല്ലാത്തതുമായ മാലിന്യമാണ് സിഡ്കോക്ക് ഇതുവരെ കയറ്റി അയച്ചത്. യൂസര്‍ ഫീ, വളം ഇനത്തില്‍ ഒരു മാസം 68000 രൂപ വരുമാനമാണ് പുതുപ്പരിയാരം ഗ്രാമപഞ്ചായത്തിന് ലഭിക്കുന്നത്.
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വലിച്ചെറിയുന്നതും കത്തിക്കുന്നതും തടയുക, പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിരുത്സാഹപ്പെടുത്തുക, ഉറവിട ജൈവമാലിന്യം സംസ്‌കരണം തുടങ്ങിയവയില്‍ ബോധവത്കരണം നടത്താന്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഹരിതഗ്രാമസഭകളും നടക്കുന്നുണ്ട്. മാലിന്യം വലിച്ചെറിയുന്നവര്‍ക്കും കത്തിക്കുന്നവര്‍ക്കുമെതിരെ കര്‍ശന നടപടികളാണ് ‘ഭരണസമിതിയുടേയും ഗ്രീന്‍ പ്രോട്ടോകോള്‍ ഓഫീസറുടെയും നേതൃത്വത്തില്‍ സ്വീകരിച്ചു പോരുന്നത്.
കഴിഞ്ഞ ദിവസം വാര്‍ഡ് 17-ാം വാര്‍ഡില്‍ നടന്ന ഹരിതനിയമ സദസ്സും ഗ്രാമസഭയും പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസിഡന്റ് പി.എ.പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം പി. രാമചന്ദ്രന്‍ അധ്യക്ഷനായി. ഗ്രീന്‍ പ്രോട്ടോകോള്‍ ഓഫീസര്‍ സഹദേവന്‍, മുണ്ടൂര്‍ ഐ.ആര്‍.ടി.സി ഹരിതസഹായ സ്ഥാപനം കോഡിനേറ്റര്‍ വി. ജ്യോതി എന്നിവര്‍ സംസാരിച്ചു.