തച്ചമ്പാറ:കാല്‍ച്ചിലമ്പൊലിയും കുപ്പിവള കിലുകിലുക്കവും ആട്ടവിളക്കിന്റെ പ്രഭയിലെ ആടി പകര്‍ച്ചയുമെല്ലാം, ഇനി തച്ചമ്പാറയിലെ കലോല്‍സവ വേദികളെ ധന്യമാക്കിയ ദീപ്തമായ ഓര്‍മ്മകളിലേക്ക്.കലോത്സവത്തിന് തിരശ്ശീല താഴുമ്പോല്‍ തച്ചമ്പാറയുടെ ഓര്‍മ്മച്ചെപ്പില്‍ അറുപതാമത് റെവന്യു ജില്ലാ സ്‌കൂള്‍ കലോത്സവ നാളുകള്‍ മധുരമാര്‍ന്ന സ്മരണകളാകും. കലയുടെ സുവര്‍ണ്ണരേണുക്കള്‍ തച്ചമ്പാറയുടെ നെറുകയില്‍ ചാര്‍ത്തിയാണ് കൗമാര കലാമാമാങ്കത്തിന് കൊടിയിറങ്ങുന്നത്. സമാപന നാളില്‍അല്‍പ്പം വൈകിയാണ് വേദികള്‍ ഒന്നൊന്നായി ഉണര്‍ന്നതെങ്കിലും അവതരണ ഭംഗിയിലെ മികവ് മല്‍സരങ്ങളെ ഉടന്‍ തന്നെ ഉച്ചസ്ഥായിയിലെത്തിച്ചു. വേദി ഒന്നില്‍ ആധുനിക ക്ലാസിക്കല്‍ നൃത്തരൂപമായ കേരള നടനവും വേദി രണ്ടില്‍ ലാസ്യനടനത്തിന്റെ മുദ്രകള്‍ വിരിയിച്ച് കേരളത്തിന്റെ തനത് കലയായ മോഹിനിയാട്ടവും പിറന്നു. മലയാളി മങ്കമാരുടെ സാംസ്‌കാരിക തനിമയുള്‍ക്കൊണ്ട് ലാവണ്യ പെരുമയോടെ നൃത്തചുവടുകള്‍ ഒന്നിച്ച് വേദി മൂന്നില്‍ തിരുവാതിരക്കളിയും സാമൂഹ്യ വിഷയങ്ങളെ പ്രതിപാദ്യമാക്കി നാടകങ്ങള്‍ വേദി നാലിലും അരങ്ങുകളിലെത്തി. പൂരക്കളി, ലളിതഗാനം, ഓട്ടന്‍തുള്ളല്‍, അക്ഷരശ്ലോകം, കാവ്യകേളി, പാഠകം ,ദേശ ഭക്തിഗാനം എന്നിവയും വിവിധ വേദികളെ സജീവമാക്കി. കലാരവത്തിന്റെ നൂപുര ശബ്ദ ധ്വനികള്‍ ഓര്‍മ്മകളില്‍ ലാളിച്ച് വെക്കാന്‍ കലാസ്വാദകര്‍ക്കും തച്ചമ്പാറ സ്വദേശികള്‍ക്കും കലാനൈപുണ്യം വാരി വിതറിയാണ് പാലക്കാടന്‍ മണ്ണിലെ കലാപ്രതിഭകള്‍ പിന്‍വാങ്ങുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!