പറമ്പിക്കുളം: ആദിവാസിവിഭാഗങ്ങളുടെ നിത്യജീവിതം മെച്ചപ്പെടുത്താന്‍ ആവശ്യമായ പദ്ധതികള്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ ആസൂത്രണം ചെയ്യണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് പറഞ്ഞു. ലൈഫ് മിഷന്‍, തൊഴിലുറപ്പ് തുടങ്ങിയ പദ്ധതികള്‍ ആദിവാസി വിഭാഗങ്ങള്‍ക്ക് അനുകൂലമായ വിധത്തില്‍ ആസൂത്രണം ചെയ്ത് ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങള്‍ ഉറപ്പാക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.
പറമ്പിക്കുളം മേഖലയില്‍ പറമ്പിക്കുളം നേച്ചര്‍ സ്റ്റഡി ഹാളില്‍ മനുഷ്യാവകാശ കമ്മീഷന്‍ സംഘടിപ്പിച്ച ആദിവാസി – ഉദ്യോഗസ്ഥ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാലക്കാട് ആര്‍.ഡി.ഒ, ജില്ലാ പ്ലാനിംഗ് ഓഫീസര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, പഞ്ചായത്ത് ഉപഡയറക്ടര്‍, വിവിധ വകുപ്പുകളിലുള്ള ജില്ലാ തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കൊപ്പം ആദിവാസി ഊരുമൂപ്പന്‍മാരും പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.
ആദിവാസി മേഖലയിലെ പുതിയ വീടുകള്‍, ഭൂമിയുടെ അപര്യാപ്തത, റോഡ്, കുടിവെള്ളം, വൈദ്യുതി, വിദ്യാഭ്യാസ സൗകര്യങ്ങള്‍ തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്. ലൈഫ് മിഷന്‍ പ്രകാരം നിര്‍മ്മിക്കുന്ന വീടുകള്‍ക്ക് കൂടുതല്‍ ധനസഹായം നല്‍കുന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തുമെന്ന് കമ്മീഷന്‍ പറഞ്ഞു.
ആദിവാസികളില്‍ നിന്നും തൊഴില്‍ ആവശ്യം ഉയരുമ്പോള്‍ തന്നെ തൊഴില്‍ നല്‍കണമെന്ന കമ്മീഷന്‍ നിര്‍ദ്ദേശം അംഗീകരിക്കാമെന്ന് തൊഴിലുറപ്പ് പദ്ധതിയുടെ ജോയിന്റ് പ്രോജക്റ്റ് കോ ഓര്‍ഡിനേറ്റര്‍ ഉറപ്പുനല്‍കി.
പറമ്പിക്കുളത്ത് മൊബൈല്‍ കണക്റ്റിവിറ്റി, ഇന്റര്‍നെറ്റ് എന്നിവ ഉറപ്പാക്കണം.
പറമ്പിക്കുളത്തേക്ക് ഒരു കെഎസ്ആര്‍റ്റിസി സര്‍വീസ് കൂടി ആരംഭിക്കാമെന്ന് കോര്‍പ്പറേഷന്‍ ഉറപ്പു നല്‍കി. കോളനികളിലേക്കുള്ള റോഡുകള്‍ നവീകരിക്കാന്‍ തദ്ദേശ സ്വയംഭരണം, റവന്യു, എം എല്‍ എ, എം പി ഫണ്ടുകള്‍ പ്രയോജനപ്പെടുത്തണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. കേരള അതിര്‍ത്തിയില്‍ നിന്നും പറമ്പിക്കുളത്തേക്കുള്ള റോഡിന്റെ നവീകരണം മാര്‍ച്ചിന് മുമ്പ് പൂര്‍ത്തിയാക്കണം.
ടൂറിസം മേഖലയില്‍ ആദിവാസികള്‍ക്ക് തൊഴില്‍ സാധ്യത ഉറപ്പാക്കണമെന്ന നിർദ്ദേശവും കമ്മീഷന്‍ മുന്നോട്ട് വെച്ചു. കമ്മീഷന്‍ സെക്രട്ടറി എം എച്ച് മുഹമ്മദ് റാഫിയും യോഗത്തില്‍ പങ്കെടുത്തു. യോഗത്തിന്റെ റിപ്പോര്‍ട്ട് കമ്മീഷന്‍ സര്‍ക്കാരിന് നല്‍കും.