പാലക്കാട്:ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ജില്ലാ ഭരണ കൂടത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ മലയാളദിനം- ഭരണ ഭാഷാ വാരാഘോഷത്തിന് തുടക്കമായി. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാതല പരിപാടി ജില്ലാ കലക്ടര്‍ ഡി.ബാലമുരളി ഉദ്ഘാടനം ചെയ്തു. ഭരണാധികാരിയും സാധാരണക്കാരനും തമ്മിലു ള്ള അകലം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഭരണഭാഷ മാതൃഭാഷയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് ഉദ്യോഗസ്ഥ രെന്ന് തോന്നുന്ന വിധം ലളിതമായിരിക്കണം ഭരണഭാഷ. ആഗോള വത്ക്കരണം മറ്റെല്ലാ ഭാഷകളെയും പോലെ മലയാളത്തെയും സ്വാധീനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഭാഷയുടെ വകഭേദങ്ങള്‍ മാറിക്കൊണ്ടിരിക്കും. എന്നാല്‍ സാധാരണക്കാരന് പ്രയോജന പ്പെടുന്ന ഭാഷ മാത്രമേ നിലനില്‍ക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ഓരോ വ്യക്തിയുടെയും വളര്‍ന്നുവരുന്ന സാഹചര്യം, സംസ്‌ക്കാരം എന്നിവയില്‍ നിന്നും ഉരുത്തിരിയുന്ന ഒന്നാണ് മാതൃഭാഷയെന്നും ഭാഷയില്‍ ഉരുത്തിരിഞ്ഞ ജനാധിപത്യമാണ് നവോത്ഥാനമെന്നും പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തിയ വിക്ടോറിയ കോളേജ് മലയാള വിഭാഗം അസി. പ്രൊഫസര്‍ റഫീഖ് ഇബ്രാഹിം പറഞ്ഞു. ഭാഷ ഇരുതലമൂര്‍ച്ചയുള്ള വാളാണ്. സമൂഹത്തെ ഒന്നിപ്പിക്കാനും വിഘടിപ്പിക്കാനും ഭാഷയ്ക്ക് ഒരുപോലെ സാധ്യമാണ്. ഭാഷയുടെ ഉപയോഗം എപ്പോഴും സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട ഒന്നാണ്. അധികാരവും അധിക്ഷേപവും എല്ലാം ഭാഷയിലടങ്ങിയിട്ടുണ്ട്. അധികാരത്തിന്റെ ഇടനാഴി ഇല്ലാതാക്കുകയെന്നതാണ് ഭരണഭാഷ മാതൃഭാഷയാക്കുന്നതിന്റെ ആത്യന്തിക ലക്ഷ്യം. രാജ്യത്ത് ജാതിയും മതവും നോക്കാതെ ഏറ്റവും കൂടുതല്‍ ജനവിഭാഗം സംസാരിക്കുന്ന ഭാഷ ആനുപാതികമായി മലയാളമാണ്. മലയാള ഭാഷ മരിക്കുന്നുവെന്നത് തോന്നലാണ്. സാഹിത്യരചനയും വായനയും മലയാളത്തില്‍ നിലച്ചിട്ടില്ല. ദിനംപ്രതി ഇതിന്റെ തോത് വര്‍ധിക്കുകയാണ്. ഇംഗ്ലീഷ് വാക്കുകള്‍ മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്യുമ്പോള്‍ പലപ്പോഴും സംസ്‌കൃതത്തിന്റെ ആധിക്യമുണ്ടെന്നും ഇംഗ്ലീഷ് അതേപടി മലയാളമാക്കി എഴുതിയാല്‍ സാധാരണക്കാരന് മനസ്സിലാകുമെങ്കില്‍ അതാണ് ഉചിതമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഹൃദയങ്ങള്‍ തമ്മില്‍ മനസ്സിലാക്കുന്ന ഭാഷയാണ് യഥാര്‍ഥ ഭാഷയെന്ന് വിഷയാവതരണം നടത്തിയ കഥാകൃത്തും ജില്ലാ പബ്ലിക് ലൈബ്രറി നിര്‍വാഹക സമിതി അംഗവുമായ രാജേഷ് മേനോന്‍ പറഞ്ഞു. ആഗോളവത്ക്കരണത്തിന്റെ വര്‍ത്തമാനകാലത്ത് ഭാഷയിലും അതിന്റെ പ്രതിഫലനം ഉണ്ടായിട്ടുണ്ട്. പൊതുജനങ്ങളുടെ ആവശ്യം മനസ്സിലാക്കി സാങ്കേതികത്വത്തെ മാറ്റിനിര്‍ത്തി ഹൃദയത്തിന്റെ ഭാഷ മനസ്സിലാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കണമെന്നും അവിടെയാണ് ഭരണകൂടത്തിന്റെ വിജയമെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ടി.വിജയന്‍ അധ്യക്ഷനായി. അസിസ്റ്റന്റ് കലക്ടര്‍ ചേതന്‍കുമാര്‍ മീണ മുഖ്യാതിഥിയായി. ഡെപ്യൂട്ടി കലക്ടര്‍ (എല്‍.ആര്‍) എം.കെ. അനില്‍കുമാര്‍ ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ.കെ.ഉണ്ണികൃഷ്ണന്‍, ഹുസൂര്‍ ശിരസ്തദാര്‍ കെ.എസ്. ഗീത എന്നിവര്‍ സംസാരിച്ചു. മറ്റ് വകുപ്പ് ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ പങ്കെടുത്തു. നവംബര്‍ ഏഴ് വരെയാണ് മലയാളദിനം- ഭരണഭാഷാ വാരാഘോഷ പരിപാടികള്‍ നടക്കുന്നത്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ മലയാളദിനം- ഭരണഭാഷാ വാരാഘോഷ പരിപാടിയില്‍ (നവംബര്‍ രണ്ട് ഉച്ചയ്ക്ക് രണ്ടിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിവില്‍ സ്റ്റേഷന്‍ ജീവനക്കാര്‍ക്കായി കവിതാ പാരായണ മത്സരം നടക്കും.