ഓങ്ങല്ലൂര്‍: കലയും ചിന്തയുമായി സായംസന്ധ്യയില്‍ നാട്ടുകാര്‍ക്ക് ഒന്നിച്ചിരിക്കാന്‍ വേദി ഒരുക്കുന്ന ഗ്രാമോത്സവത്തിന് ഓങ്ങല്ലൂര്‍ പഞ്ചായത്തില്‍ തുടക്കമായി. എട്ട് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ഓങ്ങല്ലൂര്‍ സെന്ററില്‍ ഐ-മാര്‍ട്ട് ഗ്രൗണ്ടില്‍ ഗിന്നസ് ജേതാവും മൃദംഗ കലാകാരനുമായ ഡോ. കുഴല്‍മന്ദം രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കലാകാരന്‍മാര്‍ സാമൂഹ്യ പ്രതിബദ്ധതയുള്ളവരാകുമ്പോള്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുമെന്നും വ്യത്യാസങ്ങള്‍ ഇല്ലാതെ ഒന്നിച്ചിരിക്കാന്‍ ഇടം ഒരുക്കുന്നതിലാണ് കലയുടെ മൂല്യമെന്നും അദ്ദേഹം പറഞ്ഞു. ഓങ്ങലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിഷാര്‍ പറമ്പില്‍ അധ്യക്ഷനായി.

ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് മുതല്‍ ഗ്രൗണ്ട് വരെ നടത്തിയ ഘോഷയാത്രയോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. വാടാനംകുറുശ്ശി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച വൃന്ദവാദ്യസംഗീതം അരങ്ങേറി. മുക്കുറ്റി എന്ന പേരു നല്‍കിയിരിക്കുന്ന ആദ്യദിന സാംസ്‌കാരിക സദസ്സില്‍ സ്‌കോര്‍പിയോ ഡാന്‍സ് അക്കാദമി അവതരിപ്പിച്ച മൈലാഞ്ചി രാവ് ദൃശ്യ വിസ്മയം തീര്‍ത്തു. പഞ്ചായത്ത് അംഗങ്ങളായ പി പി വിജയന്‍, സായിന,ഗീത കുമാരി, കെ എസ് എം എ  പ്രവര്‍ത്തകന്‍ കുഞ്ഞുമുഹമ്മദ്, മറ്റു പഞ്ചായത്ത് അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ അങ്കണവാടി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കലയും സമകാലീന വര്‍ത്തമാനങ്ങളും സമന്വയിക്കുന്ന ഓരോ ദിവസത്തെയും സാംസ്‌കാരിക സദസ്സിന് മുക്കുറ്റി, ഇടം അങ്കത്തട്ട്, മധുരമൊഴി, ചിലങ്ക, സ്വയംപ്രഭ എന്നിങ്ങനെയാണ് പേരുകള്‍ നല്‍കിയിരിക്കുന്നത്. പുള്ളുവന്‍ പാട്ട്, മുടിയാട്ട്, ഇടക്കവാദനം, കോമഡി ഷോ, കഥാപ്രസംഗം, ക്ലാസിക്കല്‍ ഡാന്‍സ്, യമു ഡാന്‍സ്, നാടന്‍ പാട്ട് തുടങ്ങിയ കലാപരിപാടികള്‍ വരും ദിവസങ്ങളിലായി നടക്കും. ഗ്രാമോത്സവത്തോടനുബന്ധിച്ച് കുടുംബശ്രീയുടെ ഫുഡ് കോര്‍ട്ട് ഉള്‍പ്പെടെ പതിനഞ്ചോളം സ്റ്റാളുകളും പ്രവര്‍ത്തിക്കുന്നുണ്ട്.

എം.എല്‍.എ.മാരായ മുഹമ്മദ് മുഹ്സിന്‍, ഷാഫി പറമ്പില്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ ശാന്തകുമാരി, വൈസ് പ്രസിഡണ്ട് ടി കെ നാരായണദാസ്, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, ഡോ. സി പി ചിത്രഭാനു, എം ബി മിനി, ആര്‍ കെ ജയപ്രകാശ്, പ്രൊഫ പി പി പ്രകാശന്‍ തുടങ്ങി രാഷ്ട്രീയ കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ വരുംദിവസങ്ങളില്‍ ഗ്രാമോത്സവത്തില്‍ പങ്കുചേരും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!