തൃത്താല :’ഏക ഭാരതം ശ്രേഷ്ഠ ഭാരതം’ സന്ദേശമുള്‍ക്കൊണ്ട് നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ദേശീയോദ്ഗ്രഥന ക്യാമ്പില്‍ പങ്കെടുക്കുന്ന യുവതീ-യുവാക്കള്‍ ജ്ഞാനപീഠ പുരസ്‌കാര ജേതാവ് മഹാകവി അക്കിത്തത്തെ കുമരനല്ലൂരിലുള്ള വീട്ടില്‍ സന്ദര്‍ശിച്ചു. ജില്ലാ യൂത്ത് കോ-ഓഡിനേറ്റര്‍ എം.അനില്‍കുമാറിന്റെ നേതൃത്വത്തിലെത്തിയ സാംസ്‌കാരിക സംഘം വിവിധ വിഷയങ്ങളെ അധികരിച്ച് അക്കിത്തവുമായി ആശയവിനിമയം നടത്തി. രാജ്യത്തിന്റെ മഹത്തായ പാരമ്പര്യം ഉള്‍ക്കൊണ്ട് എല്ലാ ഭാരതീയരും ഒന്നാണെന്നുള്ള സന്ദേശം രാജ്യമെമ്പാടും പരത്താന്‍ അദ്ദേഹം യുവാക്കളോട് അഭ്യര്‍ഥിച്ചു.
ഹിമാചല്‍ പ്രദേശില്‍ നിന്നെത്തിയ കലാകാരന്മാര്‍ അവരുടെ പരമ്പരാഗത തൊപ്പി അക്കിത്തത്തെ അണിയിച്ചു. കാശ്മീരില്‍ നിന്ന് കൊണ്ടുവന്ന ദേവദാരു വൃക്ഷം അക്കിത്തത്തിന്റെ വീട്ടുവളപ്പില്‍ സംഘാംഗങ്ങള്‍ തന്നെ നട്ടു. പകരമായി എല്ലാ സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍ക്കും അക്കിത്തം തെങ്ങിന്‍ തൈകള്‍ സമ്മാനിച്ചു. എല്ലാവര്‍ക്കും മധുരവും കേരളത്തിന്റെ കസവ് പൊന്നാടയും നല്‍കിയാണ് സാംസ്‌കാരിക സംഘത്തെ കവി യാത്രയാക്കിയത്. നെഹ്റു യുവകേന്ദ്ര വോളന്റിയര്‍മാരായ കെ.പി.മുഹമ്മദ് നിസാര്‍, ഒ.കെ.ഹരികൃഷണന്‍, സിയാദ് പള്ളിപ്പടി, എം.കെ വെങ്കിടേഷ്, കെ ആഷിഖ് അലി, പി മിഥുന്‍ കൃഷണന്‍ എന്നിവര്‍ സംബന്ധിച്ചു.