മണ്ണാര്‍ക്കാട്: വേനലിന്റെ തുടക്കത്തില്‍തന്നെ വഴിയോര വിപണി കളില്‍ ഇടംപിടിച്ച് പനം നൊങ്കും പനം നീരും. കരിമ്പനകള്‍ ഏറെ യുള്ള ജില്ലയില്‍ പനംനൊങ്കിന്റെ വില്‍പ്പന വേനല്‍ക്കാലത്തെ സാധാരണ കാഴ്ചയാണ്.സീസണ്‍ ആവാത്തതിനാല്‍ ഇപ്പോള്‍ തമിഴ്നാട്ടില്‍ നിന്നാണ് പനം നൊങ്കും നീരും എത്തിക്കുന്നത്. പൊള്ളാ ച്ചിയിലെ ആനമലയില്‍നിന്നാണ് ഇവ കൊണ്ടുവരുന്നത്.പാലക്കാട് -കോഴിക്കോട് ദേശീയപാതയില്‍ പനം നൊങ്കിന്റെ വില്‍പ്പന പലയി ടങ്ങളിലായി കാണാം. നൊങ്കിന് പത്തുരൂപയും ദാഹശമനിയായി ഉപയോഗിക്കുന്ന നീരിന് 20 രൂപയുമാണ് വില. പനയോലകളില്‍ തന്നെയാണ് ഇവ കുടിയ്ക്കാനായി ഒഴിച്ചുതരുന്നത്. നൊങ്കുകള്‍ മൂന്നോ നാലോ ദിവസംവരെ ഉപയോഗിക്കാം. പനംനീര് ഒരുദിവസം മാത്രമേ സൂക്ഷിക്കാന്‍പറ്റൂ എന്നതിനാല്‍ നിത്യവും പൊള്ളാച്ചിയില്‍ പോയി ശേഖരിച്ചാണ് വില്‍പ്പനയെന്ന് മണ്ണാര്‍ക്കാട് എംഇഎസ് കോളജ് കയറ്റം റോഡില്‍ കച്ചവടംചെയ്യുന്ന മാരിയപ്പന്‍ പറയുന്നു. ബാക്കിവരുന്ന പനംനീര് ശര്‍ക്കര കമ്പനികളിലേക്കാണ് നല്‍കു ന്നത്. നാല്‍പ്പത്തഞ്ചുകാരനായ മാരിയപ്പന്‍ ബൈക്കിലാണ് പനം നൊങ്കും നീരും എത്തിച്ച് വില്‍ക്കുന്നത്. പൊള്ളാച്ചിയിലുള്ള ഏജന്റിനു കീഴില്‍ ദിവസക്കൂലിക്കാണ് വില്‍പ്പന. മാരിയപ്പനെ പോലെ ഇരുപതോളംപേര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നൊങ്കും നീരും വില്‍പ്പന നടത്തുന്നുണ്ട്. പനംനൊങ്കിന്റെ വില്‍പ്പന പുതുതലമുറയ്ക്കും കൗതുകകരമായ കാഴ്ചയാണ്.