അലനല്ലൂര്‍: തട്ടകത്തെ ഉത്സവലഹരിയിലാഴ്ത്തി ദേശവേലകളുടെ സംഗമത്തോടെ എടത്തനാട്ടുകര കൊടിയംകുന്ന് കരുമനപ്പന്‍കാവ് താലപ്പൊലി മഹോത്സവം സമാപിച്ചു. താലപ്പൊലി ദിനമായ ശനി യാഴ്ച്ച രാവിലെ നടതുറപ്പ്, ഉഷപൂജ, താലപ്പൊലി കൊട്ടി അറിയി ക്കല്‍, പൂതം കുമ്പിടല്‍, നവകം, പഞ്ചഗവ്യം, ശ്രീഭൂതബലി, ഉച്ചപൂജ, കാഴ്ചശീവേലി, മേളം എന്നിവ നടന്നു. വൈകീട്ട് നാലരയോടെ എഴുന്നള്ളിപ്പ് കരുമനപ്പന്‍ കാവില്‍ നിന്നും ആരംഭിച്ച് ചിരട്ടക്കുളം മരാട്ടുകാവ് ഭദ്രകാളി ക്ഷേത്രത്തില്‍ സമാപിച്ചു. ആലുംകുന്ന്, മൂച്ചിക്കല്‍ കോട്ടകുന്ന്, എരങ്ങോട്ടുകുന്ന്, മുണ്ടക്കുന്ന്, ചിരട്ടക്കുളം, പള്ളിപ്പെറ്റ, യതീംഖാന എന്നീ എട്ട് ദേശവേലകളില്‍ നിന്നായി ഒമ്പത് ഗജവീരന്മാര്‍ അണിനിരന്ന എഴുന്നള്ളിപ്പില്‍ ദേവസ്വം ഗജവീരന്‍ വരടിയം ജയറാം തിടമ്പേറ്റി. നാടന്‍ കലാരൂപങ്ങളായ ചെണ്ടമേളം, ശിങ്കാരിമേളം, തകില്‍ നാദസ്വരം, കൊമ്പ്, കുഴല്‍, പൂതം, തിറ, കാള, പൂക്കാവടി എന്നിവ എഴുന്നള്ളിപ്പിന് മാറ്റുകൂട്ടി. വൈകീട്ട് നടന്ന ദീപാരാധന, ഭജന, സേവ, നാദസ്വരം, അത്താഴപൂജ, സന്ധ്യാവേലി, രാത്രി ഒമ്പതരക്ക് ഡബിള്‍ തായമ്പക, പതിനൊന്നിന് മാച്ചിറ സരിഗ അവതരിപ്പിച്ച നാടകം ‘നാളിനാക്ഷന്റെ വിശേ ഷങ്ങള്‍’ എന്നിവ ആഘോഷങ്ങള്‍ കൊഴുപ്പേകി. പുലര്‍ച്ചയോടെ നടന്ന എഴുന്നള്ളിപ്പ്, അരിയേറ്, ഇടയ്ക്ക പ്രദക്ഷിണം, മേളം, ചുറ്റുവിളക്ക് സമാപനം, കരിമരുന്ന് പ്രയോഗം എന്നിവയോടെ ആഘോഷങ്ങള്‍ക്ക് സമാപനമായി.