ചിറ്റൂര്‍:കൊടുവായൂര്‍ ഗവ. ഹയര്‍ സെന്‍ഡറി സ്‌കൂളില്‍ നടന്ന ‘വിജയോത്സവം’ സ്വര്‍ണപ്പതക്ക വിതരണോദ്ഘാടനം ജലവിഭവവകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. 2018-19 അധ്യയന വര്‍ഷത്തില്‍ കൊടുവായൂര്‍ സ്‌കൂളില്‍ നിന്നും സമ്പൂര്‍ണ എ പ്ലസ് കരസ്ഥമാക്കിയ എസ്.എസ്.എല്‍.സി, പ്ലസ് ടു വിദ്യാര്‍ഥികളെയാണ് സ്വര്‍ണപതക്കവും ഉപഹാരവും നല്‍കി അനുമോദിച്ചത്. കെ.ബാബു എം.എല്‍.എ അധ്യക്ഷനായി. വിദ്യാഭ്യാസ യോഗ്യത നേടിയതുകൊണ്ടു മാത്രം ജീവിതത്തില്‍ ഉന്നത നിലവാരത്തിലെത്താന്‍ കഴിയില്ലെന്നും വിദ്യാഭ്യാസത്തിനൊപ്പം കഴിവും നൈപുണ്യവും വളര്‍ത്തിയെടുക്കുന്നതിന് വിദ്യാര്‍ഥികളെ രക്ഷിതാക്കളും അധ്യാപകരും പ്രോത്സാഹിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. മുന്‍കാലങ്ങളിലെ വിദ്യാഭ്യാസത്തെ അപേക്ഷിച്ച് കേരളത്തില്‍ ഇന്ന് അഞ്ചാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ വരെ ഇംഗ്ലിഷ് ഭാഷ കൈകാര്യം ചെയ്യുന്നതില്‍ ഏറെ മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു.കൊടുവായൂര്‍ സ്‌കൂളില്‍ നിന്നും എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ സമ്പൂര്‍ണ എ പ്ലസ് നേടിയ 58 വിദ്യാര്‍ഥികളെയാണ് വിജയോത്സത്തില്‍ അനുമോദിച്ചത്. പി.ടി.എ ഉപഹാരം, ഡോ.ഗോപിനാഥ് മെമ്മോറിയല്‍ ക്യാഷ് അവാര്‍ഡിന്റെ വിതരണവും യു.എസ്.എസ് വിജയികള്‍ക്കുള്ള ഉപഹാരവും ഇതോടൊപ്പം നല്‍കി.ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.എന്‍.ശില്പ, കൊടുവായൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.കൃഷ്ണപ്രസാദ്, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എ.ഗണേശന്‍, പൂര്‍വ വിദ്യാര്‍ഥി സംഘടന പ്രസിഡന്റ് എ.കെ.നാരായണന്‍, ഹെഡ്മാസ്റ്റര്‍ ടി.ഗോപാലകൃഷ്ണന്‍, പ്രിന്‍സിപ്പാള്‍ ടി.ശോഭ, പി.ടി.എ പ്രസിഡണ്ട് എ.ഗോപാല കൃഷ്ണന്‍, മറ്റു ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.