ചിറ്റൂര്‍: കേന്ദ്ര ഫീല്‍ഡ് ഔട്ട് റീച്ച് ബ്യൂറോയുടെ നേതൃത്വത്തില്‍ നടക്കുന്ന ജനസമ്പര്‍ക്ക പരിപാടിയും പ്രദര്‍ശനവും ചിറ്റൂര്‍-തത്തമംഗലം നഗരസഭ ചെയര്‍മാന്‍ കെ. മധു ഉദ്ഘാടനം ചെയ്തു . ചിറ്റൂര്‍ നെഹ്‌റു ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍ എം.സ്മിതി അധ്യക്ഷനായി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങള്‍ക്കായി നടപ്പിലാക്കുന്ന പദ്ധതികളും സേവനങ്ങളും ജനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് നഗരസഭാ ചെയര്‍മാന്‍ പറഞ്ഞു. ജനക്ഷേമകരമായ പദ്ധതികള്‍ ജനങ്ങള്‍ പ്രയോജനപ്പെടുത്തിയാല്‍ മാത്രമേ ശരിയായ വികസനം സാധ്യമാകൂ. മാലിന്യ സംസ്‌കരണ മേഖലയില്‍ ജനങ്ങളുടെ സഹകരണത്തോടെ മാത്രമേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയൂ എന്നും ചെയര്‍മാന്‍ പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ വിവിധ പദ്ധതികളെകുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചും ജനങ്ങള്‍ക്ക് നേരിട്ട് ബോധവല്‍ക്കരണം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കുന്നത്. ഹരിത കേരളം മിഷന്‍, വനിതാ സെല്‍, തപാല്‍ വകുപ്പ്, എക്‌സൈസ് വകുപ്പ് എന്നിവയുടെ പ്രതിനിധികള്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ഭാരതീയ ചികിത്സ വകുപ്പിന്റേയും ഹോമിയോപ്പതി വിഭാഗത്തിന്റെയും നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പുകളും സംഘടിപ്പിച്ചു.