പാലക്കാട്:അക്ഷയയുടെ 17 -ാമത് വാര്‍ഷികാഘോഷത്തിന്റെയും 18 ാം അക്ഷയ ദിനാഘോഷത്തിന്റെയും ജില്ലയിലെ അക്ഷയസംരംഭകരുടെ കുടുംബസംഗമം യാക്കര എസ്.എ ഹാളില്‍ നവംബര്‍ 17 ന് രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്യും.
കിടപ്പുരോഗികള്‍ക്ക് സൗജന്യ ആധാര്‍ രജിസ്‌ട്രേഷന്‍: 18 നകം വിവരങ്ങള്‍ നല്‍കണം
സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി കിടപ്പുരോഗികള്‍ക്ക് സൗജന്യ ആധാര്‍ രജിസ്‌ട്രേഷന്‍ നടത്തും. ആധാര്‍ സേവനം ലഭിക്കേണ്ട കിടപ്പുരോഗികളുടെ പേരുവിവരങ്ങള്‍ ജില്ലയിലെ എല്ലാ അക്ഷയ കേന്ദ്രങ്ങളിലും നവംബര്‍ 18 വരെ രജിസ്റ്റര്‍ ചെയ്യാം. യാക്കരയില്‍ നടക്കുന്ന കുടുംബസംഗമത്തിലും കിടപ്പുരോഗികളുടെ പേരുവിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് അക്ഷയ ജില്ലാ പ്രൊജക്ട് മാനേജര്‍ അറിയിച്ചു.
തൃത്താല ബ്ലോക്കില്‍ 16 ന് അക്ഷയയുടെ എല്ലാ സേവനങ്ങളും സൗജന്യം
നവംബര്‍ 16 ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ കൂറ്റനാട് ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ അക്ഷയയുടെ എല്ലാ സേവനങ്ങളും സൗജന്യമായി നല്‍കും.
ഒറ്റപ്പാലം, ശ്രീകൃഷ്ണപുരം ബ്ലോക്കുകളില്‍ സെമിനാര്‍
ഒറ്റപ്പാലം, ശ്രീകൃഷ്ണപുരം ബ്ലോക്കിലെ അക്ഷയ സംരംഭകര്‍ നവംബര്‍ 16 ന് ഉച്ചയ്ക്ക് 1.30 ന് അമ്പലപ്പാറയില്‍ ബ്ലോക്ക്തല ആഘോഷങ്ങളുടെ ഉദ്ഘാടനവും മറ്റ് ദിവസങ്ങളില്‍ പഞ്ചായത്ത് തലത്തില്‍ പരിപാടികളും നടത്തും. അക്ഷയയിലൂടെ പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന സേവനങ്ങള്‍, അക്ഷയ കേന്ദ്രങ്ങളുടെ പ്രസക്തി, വ്യക്തിഗത വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ സ്വീകരിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് ബോധവത്കരണ സെമിനാറുകള്‍ നടത്തും.