പാലക്കാട്:യുവതലമുറയെ മദ്യം, മയക്കുമരുന്ന് എന്നിവയില്‍ നിന്നും മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന എക്സൈസ് വകുപ്പിന്റേയും വിമുക്തി മിഷന്റേയും ആഭിമുഖ്യത്തില്‍ ‘നാളത്തെ കേരളം ലഹരിമുക്ത നവകേരളം’ എന്ന സന്ദേശത്തോടെ 90 ദിന തീവ്രയത്‌ന പരിപാടി ആരംഭിക്കുന്നു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നവംബര്‍ 17 ന് കോട്ടമൈതാനിയില്‍ രാവിലെ ഒമ്പതിന് പട്ടികജാതി -പട്ടികവര്‍ഗ- പിന്നാക്കക്ഷേമ- നിയമ- സാംസ്‌ക്കാരിക- പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ.ബാലന്‍ നിര്‍വഹിക്കും. ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷനാകും. ഉദ്ഘാടനത്തിന് മുന്നോടിയായി രാവിലെ 7.30 ന് പാലക്കാട് ഹെഡ്പോസ്റ്റോഫീസ് പരിസരത്ത് നിന്നും ലഹരിവര്‍ജ്ജന ബോധവത്ക്കരണ ഘോഷയാത്രയും നടക്കും.
നാഷണല്‍ ഡ്രഗ്സ് ഡിപ്പന്റന്‍സ് ട്രീറ്റ്മെന്റ് സെന്ററും ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സും സംയുക്തമായി നടത്തിയ പഠനത്തില്‍ ഇന്ത്യയിലെ യുവാക്കളില്‍ മയക്കുമരുന്ന് ഉപയോഗം കൂടി വരുന്നതായി കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് 90 ദിന തീവ്രയഞ്ജ പരിപാടിക്ക് രൂപം നല്‍കിയിരിക്കുന്നത്.
ജില്ലാ കലക്ടര്‍ ഡി.ബാലമുരളി പദ്ധതി വിശദീകരണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി, പാലക്കാട് നഗരസഭാ അധ്യക്ഷ പ്രമീള ശശിധരന്‍, പാലക്കാട് ബ്ലോക്ക് പഞ്ചായത്ത പ്രസിഡന്റ് എം.പി.ബിന്ദു, പാലക്കാട് നഗരസഭാ കൗണ്‍സിലര്‍മാരായ പി.ആര്‍.സുജാത, രാജേശ്വരി ജയപ്രകാശ്, ഡി.എം.ഒ ഡോ.കെ.പി.റീത്ത, ഡി.ഡി.ഇ പി.കൃഷ്ണന്‍, വിമുക്തി മിഷന്‍ ജില്ലാ മാനേജര്‍ കെ.ജയപാലന്‍, എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ വി.പി.സുലേഷ്‌കുമാര്‍ എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് ലഹരിവര്‍ജ്ജന കലാപരിപാടികളും മാജിക് ഷോയും അരങ്ങേറും.