പാലക്കാട് : എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ വനിതാ വിദ്യാഭ്യാസ സംരംഭമായി 2018ൽ കോട്ടോപ്പാടത്ത് ആരംഭിച്ച എം.ഐ.സി വിമൻസ് അക്കാദമിയിൽ അഞ്ച് വർഷത്തെ മഹ്ദിയ്യ കോഴ്‌സ് പൂർത്തിയാക്കിയ വിദ്യാർഥിനികൾക്കുള്ള ബിരുദ ദാന സമ്മേളനം ഡിസംബർ 31ന് 4 മണിക്ക് കോട്ടോപ്പാടത്ത് നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ചടങ്ങ് ഫലസ്തീൻ അംബാസഡർ അദ്‌നാൻ മുഹമ്മദ് അബു അൽ ഹൈജ ഉദ്ഘാടനം ചെയ്യും. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അധ്യക്ഷനാകും. അഡ്വ എൻ ഷംസുദ്ധീൻ എം എൽ എ മുഖ്യാതിഥിയാകും. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട് മുഖ്യ പ്രഭാഷണം നടത്തും. പെൺകുട്ടികൾക്ക് സുരക്ഷിതാന്തരീക്ഷത്തിൽ മികച്ച വിദ്യാഭ്യാസവും ആധുനിക രീതിയിലുള്ള തൊഴിൽ പരിശീലനവും നൽകുക എന്ന ലക്ഷ്യത്തിലാണ് എം.ഐ.സി സ്ഥാപിതമായത്. മത വിദ്യാഭ്യാസ മേഖലയിൽ മഹ്ദിയ്യ കോഴ്‌സും, കാലികറ്റ് യൂണിവേഴ്‌സിറ്റിയുടെ ബി.എ ഇംഗ്ലീഷ്,ബി കോം,ബി.എ സോഷ്യോളജി, കേരള ഗവർമെന്റിന്റെ ഹയർ സെക്കൻഡറി തലത്തിലുള്ള കൊമേഴ്‌സ്,ഹ്യൂമാനിറ്റിസ് എന്നീ കോഴ്‌സുകളുമാണ് വിദ്യാർഥിനികൾക്ക് അഞ്ച് വർഷം കൊണ്ട് നൽകുന്നത്. ദക്ഷിണേന്ത്യയിലെ പ്രശസ്തമായ ദാറുൽ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയുടെ വിവിധ കാലയളവിലുള്ള
മഹ്ദിയ്യ, ഡിപ്ലോമ, സി.എം.എസ് കോഴ്‌സുകളും, കേന്ദ്ര സർക്കാർ അംഗീകൃത ടി.എസ്.എസ്.ആർ കൗൺസിലിന്റെ പി.പി.ടി.ടി.സി കോഴ്‌സും പൂർത്തിയാക്കിയ 135 വിദ്യാർത്ഥിനികൾക്കാണ് ചടങ്ങിൽ ബിരുദം നൽകുന്നത്. ബിരുദ ദാന ചടങ്ങിന്റെ ഭാഗമായി ഡിസംബർ 30ന് ശനിയാഴ്ച്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണിവരെ ലോക ഗിന്നസ് റെക്കോർഡ് നേടിയ ലോകത്തെ ഏറ്റവും നീളം കൂടിയ ഖുർആൻ കയ്യെഴുത്തു പതിപ്പിന്റെ പ്രദർനം നടക്കും. ഡിസംബർ 31ന് രാവിലെ 9 മണിമുതൽ രാത്രി 9 മണി വരെ എസ്.കെ.എസ്.എസ്.എഫ് മുപ്പത്തി അഞ്ചാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സംസ്ഥാന സർഗ്ഗ മേളയും ഉച്ചക്ക് ഒരു മണിക്ക് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ പത്‌നി സയ്യിദ സജ്‌ന ബീവി നേതൃത്വം നൽകുന്ന വനിതാ സംഗമവും നടക്കും. മതസാംസ്‌കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും. വാർത്താ സമ്മേളനത്തിൽ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഹബീബ് ഫൈസി കോട്ടോപ്പാടം, അക്കാദമിക് കൌൺസിൽ ചെയർമാൻ അബ്ദുൽ ജബ്ബാർ ഹാജി, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കൗൺസിലർ സജീർ പേഴുങ്കര ,ടി.കെ മുഹമ്മദ് കുട്ടി ഫൈസി,സി.മുഹമ്മദ് അലി ഫൈസി,ടി.പി ഹംസ ഫൈസി,ഖലീൽ ഹുദവി,മൂസ മൗലവി,സുനീർ മുസ്‌ലിയാർ എന്നിവർ സംബന്ധിച്ചു