അഗളി : അട്ടപ്പാടിയിലെ പ്രാക്തനഗോത്ര വിഭാഗത്തില്‍പ്പെട്ട കുറുംബരുടെ ഉത്പന്നങ്ങള്‍ക്ക് വിപണിയൊരുക്കി അട്ടപ്പാടിയില്‍ തേന്‍ സംസ്‌ക്കരണ യൂണിറ്റും ഇക്കോഷോപ്പും പ്രവര്‍ത്തനമാരംഭിച്ചു. ഐ.ടി.ഡി.പിയുടെ നേതൃത്വത്തില്‍ 16,50,000 രൂപ ചെലവഴിച്ചാണ് ചിണ്ടക്കിയില്‍ തേന്‍ സംസ്‌ക്കരണശാലയും ഗോഡൗണും സജ്ജമാക്കിയിരിക്കുന്നത്. ഒരേസമയം 100 കിലോ തേന്‍ സംസ്‌ക്കരിക്കാന്‍ സംസ്‌ക്കരണശാലയിലൂടെ കഴിയും. തേനിലെ ജലാംശം, മെഴുക് എന്നിവ മാറ്റിയാണ് സംസ്‌ക്കരണശാലയിലൂടെ തേന്‍ വിപണിയില്‍ എത്തുന്നത്. നിലവില്‍ 150 ഗ്രാം, 350 ഗ്രാം, 450 ഗ്രാം, 650 ഗ്രാം എന്നീ അളവുകളില്‍ കുപ്പിയില്‍ നിറച്ചാണ് വില്‍പ്പന നടത്തുന്നത്.
കുറുംബ ഗിരിജന്‍ കോപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തേന്‍ ഉള്‍പ്പടെയുള്ള തനത് ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നതിനായി മുക്കാലിയില്‍ കുറുംബാസ് ഇക്കോ ആന്‍ഡ് ഓര്‍ഗാനിക് ഷോപ്പും പ്രവര്‍ത്തനം ആരംഭിച്ചു. കാട്ടില്‍നിന്നും ശേഖരിക്കുന്ന വനവിഭവങ്ങള്‍ സംസ്‌കരിച്ച് നേരിട്ട് ആവശ്യക്കാരിലേക്ക് എത്തിക്കുക ലക്ഷ്യമിട്ടാണ് ഷോപ്പ് ആരംഭിച്ചത്. സൊസൈറ്റിയിലെ അംഗങ്ങള്‍ കാട്ടില്‍നിന്നും ശേഖരിക്കുന്ന ഉത്പന്നങ്ങളാണ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. കാട്ടുതേന്‍, റാഗി, ചാമ, കാട്ടു കുന്തിരിക്കം, ചീനിക്കാ പൊടി, അട്ടപ്പാടി കടുക്, കുരുമുളക് തുടങ്ങിയ ഉത്പന്നങ്ങള്‍ ഷോപ്പിലൂടെ ലഭിക്കും. രാവിലെ 9.30 മുതല്‍ വൈകിട്ട് ആറ് വരെ ഇക്കോഷോപ്പ് പ്രവര്‍ത്തിക്കും. ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് 04924 293408, 9605304318 എന്ന നമ്പറില്‍ ബന്ധപ്പെടാം.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!