അഗളി: അട്ടപ്പാടിയിലെ ഉൾമേഖലയിലെ ഊരായ താഴെ അബ്ബന്നുരിലേക്ക് വൈദ്യുതി എത്തിക്കുന്ന കമ്പിയിൽ നിന്നും ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു. ഏതാണ്ട് 20 വയസ് പ്രായമുള്ള കൊമ്പനാനയാണ് ചരിഞ്ഞത്. പുതൂർ പഞ്ചായത്തിലെ താഴെ അബ്ബന്നൂർ ഗുണ്ടുകൽ ഊരിനുള്ളിൽ വെച്ചാണ് ആനക്ക് ഷോക്കേറ്റത്. ശനി വെളുപ്പിനെയാവാം സംഭവമെന്ന് ഊരുകാർ പറഞ്ഞു. രാവിലെയാണ് ഊരുവാസികൾ കാട്ടാനയുടെ ജഡം കണ്ടത്. കെഎസ്ഇബിയുടെ വലിച്ചിട്ടുള്ള വൈദ്യുതി ലൈൻ ഇവിടെ വളരെ താഴ്ന്നാ ണ് കിടക്കുന്നത്. ഏതാണ്ട് രണ്ടര മീറ്റർ മാത്രം ഉയരത്തിൽ കടന്നു പോകുന്ന വൈദ്യുതി ലൈൻ മുറിച്ചു കടന്നപ്പോഴാണ് ഒറ്റയാന് ഷോക്കേറ്റത്. വെള്ളിയാഴ്ച രാത്രി പ്രദേശത്ത് ഇറങ്ങിയ ആനക്കൂട്ടം കൃഷിയിടങ്ങളിൽ ഇറങ്ങി മടങ്ങി. ഈ കൊമ്പൻ മാത്രമാണ് കോളനിക്കുള്ളിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചതും ഷോക്കേറ്റതും. വൈദ്യുതി ലൈൻ താഴ്ന്ന് കിടക്കുന്നത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് വനം വകുപ്പ് അധികൃത ർ അറിയിച്ചു. ഫോറസ്റ്റ് വെറ്റിനറി സർജൻ ഡോ. ഡേവിഡ് എബ്രഹാമിൻ്റെ നേതൃത്വ ത്തിൽ ഞായറാഴ്ച പോസ്റ്റ്മോർട്ടം നടത്തും. പുതൂർ റെയ്ഞ്ച് ഓഫീസർ സി വി ബിജു, അഗളി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ സി സുമേഷ്, ഡപ്യൂട്ടി റെയ്ഞ്ചർമാരായ സി എം മുഹമ്മദ് അഷറഫ്, കെ സക്കീർ ഹുസൈൻ തുടങ്ങിയവർ സ്ഥലത്തെത്തി.
താഴ്ന്ന് കിടന്ന ലൈനിൽ നിന്നാണ് കാട്ടുകൊമ്പന് ഷോക്കേറ്റതെന്ന് ഉറപ്പിക്കാനാകില്ലെന്ന് കെഎസ്ഇബി അധികൃതർ
താഴെ അബ്ബന്നൂരിലെ ഗുണ്ടുകൽ ഊരിനുള്ളിൽ കാട്ടാന ചരിഞ്ഞത് താഴ്ന്ന് കിടക്കുന്ന വൈദ്യുതി ലൈനിൽ നിന്നാണെന്ന് ഉറപ്പിക്കാനാകില്ലെന്ന് കെഎസ്ഇബി അഗളി സബ് ഡിവിഷനിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കി. താഴ്ന്ന് കിടക്കുന്ന വൈദ്യുതി ലൈൻ എത്തുന്നതിനും ഏതാണ്ട് രണ്ട് മീറ്റർ മുൻപാണ് ആന ചരിഞ്ഞു കിടക്കുന്നത്. ഇതിന് സമീപത്തായി വീട്ടിലേക്ക് എടുത്തിട്ടു വൈദ്യുതി കണക്ഷന്റെ സർവീസ് ലൈൻ മീറ്ററിൽ നിന്നും വേർപ്പെട്ട നിലയിലാണ്. പോസ്റ്റിൽ നിന്നും വേർപ്പെട്ടിട്ടുമില്ല. ആന യുടെ ജഡത്തിന് സമീപത്തായി വൈദ്യുതി വേലിക്ക് ഉപയോഗിക്കുന്ന കമ്പികൾ ചിതറി കിടപ്പുണ്ടെന്നുമാണ് സ്ഥലത്ത് പരിശോധന നടത്തി കെഎസ്ഇബി ഉദ്യോഗ സ്ഥർ തയ്യാറാക്കിയിട്ടുള്ള റിപ്പോർട്ടിൽ പറയുന്നത്. ആനയുടെ തുമ്പിക്കൈയ്യിൽ എവിടെയും വൈദ്യുതി ലൈൻ തട്ടിയതിന്റെ കരിഞ്ഞ പാടുകളൊന്നും കാണുന്നി ല്ലാത്തത് കൊണ്ട് തന്നെ പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമാണ് വ്യക്തമായ വിവരം ലഭിക്കുവെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.