മണ്ണാര്‍ക്കാട് : ചിക്കന്‍ വിഭവങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനായി സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ നടത്തി. ചിക്കന്‍ വിഭവങ്ങളില്‍ അളവില്‍ കൂടുതല്‍ കൃത്രിമ നിറങ്ങള്‍ ചേര്‍ക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയത്. സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. അല്‍-ഫാം, തന്തൂരി ചിക്കന്‍, ഗ്രില്‍ഡ് ചിക്കന്‍, ഷവായ് തുടങ്ങിയ ഭക്ഷണങ്ങള്‍ വില്‍ക്കുന്ന കടകളിലായിരുന്നു പരിശോധന. സംസ്ഥാന വ്യാപകമായി 35 സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ ആകെ 448 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. 75 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 19 സര്‍വൈലന്‍സ് സാമ്പിളുകളും പരിശോധനക്കയച്ചു. പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ ശക്തമായ തുടര്‍ നടപടി സ്വീകരിക്കും. വീഴ്ചകള്‍ കണ്ടെത്തിയ 15 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിച്ചു. 49 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും 74 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നല്‍കി.ദക്ഷിണ മധ്യമേഖലകളിലെ പരിശോധനകള്‍ക്ക് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് അംഗങ്ങളായ ഭക്ഷ്യ സുരക്ഷാ ജോയിന്റ് കമ്മിഷണര്‍ ജേക്കബ് തോമസ്, ഭക്ഷ്യ സുരക്ഷാ ഡെപ്യൂട്ടി കമ്മിഷണര്‍ അജി എസ്. എന്നിവരും ഉത്തര മേഖലയിലെ പരിശോധനകള്‍ക്ക് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് അംഗങ്ങളായ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ സക്കീര്‍ ഹുസൈന്‍, ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ ജോസഫ് കുര്യാക്കോസ് എന്നിവരും നേതൃത്വം നല്‍കി.ക്രിസ്തുമസ് – പുതുവത്സര സീസണില്‍ വിതരണം നടത്തുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനായുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പരിശോധനകളും നടക്കുന്നു. കേക്ക്, വൈന്‍, ബേക്കറി വസ്തുക്കള്‍ നിര്‍മ്മിക്കുന്ന ബോര്‍മകള്‍, ബേക്കറി, മറ്റ് ചെറുകിട സംരംഭങ്ങള്‍ എന്നിവിടങ്ങളില്‍ ഭക്ഷ്യ സുരക്ഷാ ഗുണനിലവാരം ഉറപ്പാക്കുന്നതിനാണ് പരിശോധന. ഈ സീസണില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന മത്സ്യ, മാംസ ഉത്പ്പന്നങ്ങളുടെ വിപണന കേന്ദ്രങ്ങളിലും പരിശോധന നടക്കുന്നുണ്ട്.ന്യൂ ഇയര്‍ വിപണിയിലെ പരിശോധന ശക്തമായി തുടരുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!