ത്വക് അര്‍ജി രോഗ വിദഗ്ദ്ധ ഡോ.നിത എഴുതുന്നു
മണ്ണാര്‍ക്കാട് : ആദ്യമേ പറയാം.സോറിയാസിസ് ഒരു പകര്‍ച്ച വ്യാധിയല്ല. രോഗിയെ തൊ ട്ടാലോ, ഒപ്പം താമസിച്ചാലോ രോഗം പകരില്ല.സോറിയാസിസ് കേവലം ഒരു സൗന്ദര്യ പ്ര ശ്‌നമല്ല. സോറിയാസിസ് രോഗികളില്‍ 60% ആളുകളും ഇത് അവരുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നതായി കാണുന്നു. സോറിയാസിസ് രോഗികളില്‍ വിഷാദ രോഗത്തിന്റെ വ്യാപനം 50% വരെ എത്തിയിരിക്കുന്നു. ഇന്ത്യയില്‍ മൊത്തം ജനസംഖ്യ യുടെ 1-2% പേര്‍ക്ക് സോറിയാസിസ് ഉണ്ട്.
എന്താണീ അസുഖം?
ചര്‍മ്മത്തിലെ കോശങ്ങള്‍ വിവിധ പാളികളിലായാണ് കാണപ്പെടുക. ഇതില്‍ ഏറ്റവും താഴെയുള്ള പാളിയിലുള്ളവയാണ് വിഭജിക്കുന്ന കോശങ്ങള്‍. വിഭജിച്ചുണ്ടാകുന്ന പുതി യ കോശങ്ങള്‍ 10-30 ദിവസങ്ങള്‍ കൊണ്ട് ത്വക്കിലെ വിവിധപാളികളിലൂടെ വളരെ പതുക്കെ സഞ്ചരിച്ച് ചര്‍മോപരിതലത്തില്‍ എത്തി കൊഴിഞ്ഞു പോകുന്നു.
സോറിയാസിസില്‍ വെറും 3 -4ദിവസം കൊണ്ട് പുതിയ കോശങ്ങള്‍ ചര്‍മ്മപ്രതലത്തില്‍ എത്തി കട്ടി കൂടുന്നു. ഇത് വെള്ള നിറത്തില്‍ ഇളകുന്ന ശല്‍കങ്ങളായി കാണാന്‍ സാധിക്കുന്നു.
കാരണങ്ങള്‍
കൃത്യമായ കാരണങ്ങള്‍ ഒന്നും തന്നെ ഈ രോഗത്തിന് പറയുന്നില്ല എന്നത് ഇതിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. എങ്കിലും ചില ഘടകങ്ങള്‍ ഈ രോഗത്തെ സ്വാധീനിക്കുന്നതായി കാണാം.
ജനിതക ഘടകങ്ങള്‍
പാരിസ്ഥിതിക ഘടകങ്ങള്‍
അണുബാധ
കൃത്രിമ മരുന്നുകള്‍
മാനസിക സംഘര്‍ഷം
പരിക്കുകള്‍ / ക്ഷതം
പുകവലി
മദ്യപാനം
സൂര്യപ്രകാശം
രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വരുന്ന വ്യതിയാനം
ജനിതക ഘടകങ്ങള്‍ അനൂകൂലമായ ഒരു വ്യക്തി മേല്പറഞ്ഞ പാരിസ്ഥിതിക ഘടകങ്ങളുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ രോഗപ്രതിരോധ പ്രക്രിയയില്‍ താളപിഴകള്‍ ഉണ്ടാകുന്നു. ഇതു മൂലം ത്വക്കിലെ കോശവിഭജനം ഏറുകയും പൊഴിഞ്ഞു പോകല്‍ മന്ദഗതിയിലാവുകയും ചെയ്യുന്നു. തല്‍ഫലമായി ചര്‍മ്മപ്രതലത്തില്‍ കോശങ്ങള്‍ അടിഞ്ഞു കൂടി ശല്കങ്ങള്‍ രൂപപ്പെടുന്നു. ഒപ്പം വെളുത്ത രക്താണുക്കള്‍ ത്വക്കിലെത്തി തടിച്ച പാടുകള്‍ ഉണ്ടാകുന്നു. ത്വക്കിലെ രക്തക്കുഴലുകള്‍ വികസിക്കുന്നത് ഈ പാടുകള്‍ക്ക് ചുവപ്പ് നിറം നല്‍കുന്നു.
ലക്ഷണങ്ങള്‍
ചൊറിയുക എന്ന അര്‍ഥമുള്ള പ്‌സോറ എന്ന ഗ്രീക്ക് പദത്തില്‍ നിന്നാണ് സോറിയാസി സ് എന്ന വാക്കിന്റെ ഉത്ഭവം എങ്കിലും പല ത്വക് രോഗങ്ങളെയും അപേക്ഷിച്ചു സോ റിയാസിസിനു ചൊറിച്ചില്‍ കുറവാണ്. അസഹ്യമായ ചൊറിച്ചില്‍ രോഗിയില്‍ കണ്ടാല്‍ ചൊറിച്ചിലിന്റെ മറ്റു കാരണങ്ങള്‍ തേടേണ്ടതുണ്ട്.
യൗവ്വനാരംഭത്തിലും അറുപതുകളിലുമാണ് സാധാരണ രോഗാരംഭം കണ്ടു വരുന്നത്.
വിവിധ തരത്തില്‍ സോറിയാസിസ് പ്രകടമാകാം
ക്രോണിക് പ്ലാക് സോറിയാസിസ്
അക്യൂട്ട് ഗട്ടേറ്റ് സോറിയാസിസ്
എരിത്രോഡെര്‍മിക് സോറിയാസിസ്
പസ്റ്റുലാര്‍ സോറിയാസിസ്
ഇന്‍വേഴ്‌സ് സോറിയാസിസ്
സങ്കീര്‍ണതകള്‍
എരിത്രോഡെര്‍മിക് സോറിയാസിസിലും, പസ്റ്റുലാര്‍ സോറിയാസിസിലും ത്വക്കിന്, ശരീരോഷ്മാവ് നിലനിര്‍ത്തുക, അണുബാധ തടയുക, ജലത്തിന്റെയും ലവണങ്ങളുടെയും സന്തുലനാവസ്ഥ നിലനിര്‍ത്തുക എന്നീ പ്രാഥമിക കടമകള്‍ ചെയ്യാന്‍ കഴിയാതെ സങ്കീര്‍ണമായ അവസ്ഥയില്‍ എത്തുന്നു. തല്‍ഫലമായി രോഗിക്ക് പനി, രക്തത്തിലെ ലവണങ്ങളില്‍ വ്യതിയാനം മുതല്‍ രക്തത്തില്‍ അണുബാധയുണ്ടാകുന്ന മാരകമായ സെപ്റ്റിസിമിയ എന്ന അവസ്ഥ വരെയുണ്ടാകാം.
സോറിയാറ്റിക് ആര്‍ത്രോപതി – സന്ധികളില്‍ വീക്കവും നീരും കൂടിവരുന്ന ഇത്തരം അവസ്ഥ രോഗിയുടെ സന്ധികളുടെ ചലനത്തെ ബാധിക്കുന്നതോടൊപ്പം ശക്തമായ വേദനയും ഉണ്ടാക്കുന്നു.സോറിയാസിസ് രോഗികളില്‍ അമിതമായ കൃത്രിമ ഔഷധങ്ങളുടെ ഉപയോഗം,വ്യാജ ചികിത്സകള്‍ ഇവ പൊണ്ണത്തടി, പ്രമേഹം, രക്താതിമ്മര്‍ദം,ഹൃദയാഘാതം, പക്ഷാഘാതം, കരള്‍വീക്കം എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍ പറയുന്നു.
പരിശോധന
ലക്ഷണങ്ങളാണ് രോഗനിര്‍ണയത്തിന്റെ ആധാരശില. അതിനാല്‍ തന്നെ മേല്പറഞ്ഞ ലക്ഷണങ്ങള്‍ കണ്ടാല്‍ ഒരു ത്വക് രോഗവിദഗ്ദന്റെ സഹായം തേടേണ്ടത് അത്യന്താപേക്ഷിതമാണ്.
ചില സന്ദര്‍ഭങ്ങളില്‍ മാത്രം സ്‌കിന്‍ ബയോപ്‌സി, വിവിധ രക്തപരിശോധനകള്‍ മുതലായവ ആവശ്യമായി വന്നേക്കാം.
ചികിത്സ
രോഗതീവ്രത, രോഗം ബാധിച്ച ഭാഗം, രോഗിയുടെ പ്രായം എന്നിങ്ങനെ വിവിധ ഘടകങ്ങളെ ആശ്രയിച്ചാണ് ചികിത്സ നിര്‍ണയിക്കപ്പെടുന്നത്.
ഭക്ഷണക്രമത്തെയും ദിനചര്യയെയും കുറിച്ചുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്, ചര്‍മ്മരോഗങ്ങളുടെ ആവര്‍ത്തനം തടയാനും, രോഗികളില്‍ മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും.
ഇടയ്ക്ക് രോഗലക്ഷണങ്ങള്‍ തീവ്രമാവുകയും ഇടയ്ക്ക് നന്നായി കുറഞ്ഞു പൂര്‍ണമായും അപ്രത്യക്ഷമാവുകയും ചെയ്യുന്നത് ഈ രോഗത്തിന്റെ പ്രധാന സവിശേഷതയാണ്.
ഇത് മുതലാക്കിയാണു പല വ്യാജ ചികിത്സകരും പരസ്യങ്ങളിലൂടെയും മറ്റും രോഗികളെ പറ്റിക്കുന്നത്
ലക്ഷണങ്ങളെ ശമിപ്പിക്കുക,
രോഗത്തിന്റെ തീവ്രത കുറയ്ക്കുക,
രോഗശമന കാലയളവ് സുദീര്‍ഘമാക്കുക എന്നിവയാണ് ചികിത്സയുടെ പ്രധാന ലക്ഷ്യങ്ങള്‍.
ചികിത്സാ രീതികള്‍
ശമന ചികിത്സ
ബാഹ്യ ചികിത്സകളായ
ലേപനങ്ങള്‍ , വിവിധതരം ധാരകള്‍ , അഭ്യംഗം മുതലായവടൊപ്പം വിവിധ തരം ഔഷധങ്ങള്‍ അകത്തേക്ക് കഴിക്കുന്നതും ഫലപ്രദമാണ്
ശോധന ചികിത്സ
രോഗപ്രതിരോധപ്രവര്‍ത്തന വൈകല്യം, വിരുദ്ധമായ ആഹാര വിഹാരങ്ങള്‍
മുതലായവ ശരീരത്തിലുണ്ടാക്കുന്ന പ്രതിപ്രവര്‍ത്തനങ്ങളെ / വിഷാംശങ്ങളെ ഒഴിവക്കനായി പ്രധാനമായും വിവിധ
ശോധന ( പഞ്ചകര്‍മ്മങ്ങള്‍) ചികിത്സകളും ഔഷധങ്ങളും അനിവാര്യമാണു.
ജീവിത ശൈലിയിലെ മാറ്റങ്ങള്‍
മീന്‍, തൈര്‍, ഉഴുന്ന് , ശര്‍ക്കര , മാംസം ഇവയുടെ
ഉപയോഗം നിയന്ത്രിക്കുക,
കൃത്യമായ വ്യായാമം,
ആവശ്യത്തിനു ഉറക്കം,
മാനസിക പിരിമുറുക്കം കുറക്കുക,
ഭക്ഷണത്തില്‍ പച്ചക്കറികളും പഴവര്‍ഗങ്ങളും ഉള്‍പ്പെടുത്തണം.
സോറിയാസിസ് രോഗികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ചര്‍മ്മത്തില്‍ ക്ഷതമേല്‍കാതിരിക്കാന്‍ ശ്രദ്ധിക്കുക.
കൂടെക്കൂടെയുള്ള ഉരയലുകള്‍ ഒഴിവാക്കുക. ചൊറിഞ്ഞ് മാന്തി ഇളക്കാന്‍ ശ്രമിക്കരുത്.
ചര്‍മ്മം വരണ്ടു പോകാതെ സൂക്ഷിക്കാനായി ഔഷധയുക്തമായ എണ്ണ ഉപയോഗിക്കാം
അണുബാധകള്‍ ഉണ്ടായാല്‍ ചികിത്സ തേടുക
പുകവലി, മദ്യപാനം ഒഴിവാക്കുക
മാനസ്സികസമ്മര്‍ദ്ദം നിയന്ത്രണ വിധേയമാക്കുക
വെയിലേറ്റാല്‍ അസുഖം കൂടുന്നതായി കണ്ടാല്‍ കൂടുതല്‍ വെയില്‍ കൊള്ളുന്നത് ഒഴിവാക്കുക
ഡോക്ടര്‍ നിര്‍ദേശിച്ച രീതിയില്‍ ചികിത്സ തുടരുക.
സോറിയാസിസ് നിങ്ങളുടെ ശാരീരത്തെ മാത്രമല്ല , ജീവിതത്തിലെ പല മേഖലകളും ബാധിച്ചേക്കാം. അത് നിങ്ങളുടെ വൈകാരിക ആരോഗ്യം, ബന്ധങ്ങള്‍, സമ്മര്‍ദ്ദം കൈകാര്യം ചെയ്യല്‍ എന്നിവയെയും പിടിമുറുക്കിയേക്കാം.. നിങ്ങള്‍ ധരിക്കാന്‍ തിരഞ്ഞെടുക്കുന്ന വസ്ത്രങ്ങള്‍ പോലുള്ള, ജീവിതത്തിന്റെ നിങ്ങള്‍ പ്രതീക്ഷിക്കാത്ത മേഖലകളെപ്പോലും ഇത് ബാധിച്ചേക്കാം. സോറിയാസിസ് ഉള്ള ജീവിതം ഒരു വെല്ലുവിളിയാണ്.
എന്നിരുന്നാലും, ആ വെല്ലുവിളികള്‍ കൈകാര്യം ചെയ്യാനുള്ള വഴികളുണ്ട്.
ചുരുക്കത്തില്‍ സോറിയാസിസിനെ ഭയക്കേണ്ടതില്ല. കൃത്യമായ ശോധന – ശമന
ചികിത്സയിലൂടെ സോറിയാസിസിനെ വരുതിയിലാക്കാം.
ഡോ.നിത എഫ്.ഡബ്ല്യു, എം.ഡി (എ.വൈ)
മെഡിക്കല്‍ ഓഫീസര്‍
ത്വക്, അലര്‍ജി രോഗ വിദഗ്ധ
അഗദതന്ത്ര വിഭാഗം
ജില്ലാ ആയുര്‍വേദ ആശുപത്രി,
പാലക്കാട്.
9895353153