പാലക്കാട് :ജില്ലയിലെ ഭാഷാന്യൂനപക്ഷങ്ങളുടെ പരാതികള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് ഭാഷാ ന്യൂനപക്ഷകമ്മീഷന്‍ സ്പെഷ്യല്‍ ഓഫീസര്‍ നടുവട്ടം ഗോപാലകൃഷ്ണന്‍ പറഞ്ഞു.  ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളായ ചിറ്റൂര്‍ താലൂക്ക്, അട്ടപ്പാടി മേഖല എന്നിവിടങ്ങളില്‍ നിന്നുള്ള തമിഴ് ഭാഷാന്യൂനപക്ഷങ്ങളുടെ പരാതികള്‍ കലക്ടേറ്റേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങില്‍ പരിഗണിക്കുകയായിരുന്നു അദ്ദേഹം.

ചിറ്റൂര്‍ താലൂക്കിലെ വടകരപ്പതി, എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ, പെരുമാട്ടി, മുതലമട, പുതുശ്ശേരി പഞ്ചായത്തുകളില്‍ തമിഴ് മീഡിയത്തില്‍ പഠിച്ച് മികച്ച മാര്‍ക്കോടെ പത്താംതരം പാസായ വിദ്യാര്‍ഥികള്‍ക്ക് തമിഴ് ഭാഷാ അധ്യാപകരുടെ അഭാവത്തില്‍ തമിഴില്‍ പ്ലസ് ടു, വി.എച്ച്.എസ്.ഇ പഠനം നടത്താന്‍ കഴിയുന്നില്ല. ഇതുമൂലം പല വിദ്യാര്‍ത്ഥികളും പഠനത്തില്‍ പുറകോട്ടാവുകയും പാതിവഴിയില്‍ പഠനം ഉപേക്ഷിക്കേണ്ടി വരികയും ചെയ്യുന്നുണ്ട്. അതിനാല്‍ ന്യൂനപക്ഷ മേഖലയില്‍ തമിഴ് ഭാഷാ അധ്യാപകരെ നിയമിക്കണമെന്നാവശ്യപ്പെട്ട് വണ്ണാമട ഹയര്‍സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പി.ടി.എ അംഗങ്ങള്‍ എന്നിവര്‍ കമ്മീഷന് പരാതി നല്‍കി. പരീക്ഷ ചോദ്യപേപ്പര്‍, പുസ്തകങ്ങള്‍ എന്നിവ തമിഴില്‍ ലഭ്യമാക്കുക എന്നീ ആവശ്യങ്ങളും പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്.

യു.പി.എസ്.എ പരീക്ഷകളില്‍ മലയാളം ഉദ്യോഗാര്‍ഥികള്‍ക്കുള്ള അതേ യോഗ്യത തമിഴ് ന്യൂനപക്ഷങ്ങള്‍ക്കും അനുവദിക്കണമെന്നാവശ്യപ്പെട്ട് ഉദ്യോഗാര്‍ഥികള്‍ പരാതി നല്‍കി. മലയാളം ഉദ്യോഗാര്‍ഥികള്‍ക്ക് ഏതെങ്കിലും വിഷയത്തില്‍ ബി.എഡ് ഉണ്ടെങ്കില്‍ അപേക്ഷിക്കാമെന്നിരിക്കേ തമിഴ് ഉദ്യോഗാര്‍ഥികളില്‍ തമിഴ് ബി.എഡ് ഉള്ളവര്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാവുക. തമിഴ് ഭാഷാ ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനായി ജലവിഭവവകുപ്പു മന്ത്രി കെ.കൃഷ്ണകുട്ടി അധ്യക്ഷനായി കമ്മിറ്റി രൂപീകരിച്ച് പരാതിക്ക് പരിഹാരം കാണുമെന്ന് കമ്മീഷന്‍ ഉറപ്പ് നല്‍കി.

നെല്ലിയാമ്പതിയിലെ അംഗനവാടികളില്‍ തമിഴ് പഠിപ്പിക്കുക, ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചും പരാതികള്‍ ലഭിച്ചു. അടിയന്തിരമായി പരിഹരിക്കേണ്ട പരാതികള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് കമ്മീഷന്‍ അറിയിച്ചു. സംസ്ഥാന തമിഴ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റും ന്യൂനപക്ഷ കമ്മീഷന്‍ ജില്ലാ കമ്മിറ്റി അംഗവുമായ പേച്ചിമുത്തു സിറ്റിങില്‍  പങ്കെടുത്തു.

ആദ്യ ദിവസത്തെ സിറ്റിങില്‍ 101 പരാതികളാണ് ലഭിച്ചത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!