ഒറ്റപ്പാലം :ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ പുഴകളുടെ സംരക്ഷണത്തിനും സുഗമമായ ഒഴുക്കിനുമായി നടത്തുന്ന നീര്‍ച്ചാല്‍ വീണ്ടെടുപ്പ് ക്യാമ്പയ്ന്‍ ‘ഇനി ഞാന്‍ ഒഴുകട്ടെ’ പദ്ധതി പ്രകാരം ജില്ലയില്‍ പട്ടാമ്പി, ഒറ്റപ്പാലം, തൃത്താല ബ്ലോക്കുകളിലെ വിവിധ പഞ്ചായത്തുകളില്‍ പുഴ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടന്നു.
അമ്പലപ്പാറ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ അകമണ്ട കുടിവെള്ള പദ്ധതിയുടെ ഉറവിടം കൂടിയായ തോട്് ശുചീകരണ പ്രവൃത്തി നടത്തി. അടിഞ്ഞുകൂടി കിടന്നിരുന്ന മണല്‍ ശേഖരിച്ച് തടയണ നിര്‍മിച്ചു. ഇതുവഴി അടുത്ത മാസങ്ങളിലേക്കുള്ള വെള്ളം സംഭരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. തൊഴിലുറപ്പ് തൊഴിലാളികളും നൂറ് എന്‍എസ്എസ് വളണ്ടിയര്‍മാരും സന്നദ്ധപ്രവര്‍ത്തകരും പഞ്ചായത്ത് പ്രതിനിധികളും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു.
തൃത്താല ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പട്ടാമ്പി കടവ് പ്രദേശത്ത് ഭാരതപ്പുഴയുടെ തീരം ശുചീകരിച്ചു. പ്രദേശവാസികളും ഇതര സംസ്ഥാന തൊഴിലാളികളും ഉള്‍പ്പെടെയുള്ളവര്‍ ഈ ഭാഗത്ത് കുളിക്കുന്നതിനും വസ്ത്രം കഴുകാനും എത്താറുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ചും പൊന്തക്കാടുകള്‍ വെട്ടിമാറ്റിയുമാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. നൂറു കണക്കിന് തൊഴിലാളികളും സന്നദ്ധ പ്രവര്‍ത്തകരും യജ്ഞത്തില്‍ പങ്കാളികളായി.
വിളയൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ചിറക്കല്‍ തോട് ശുചീകരണം നടത്തി. 130 ഓളം കുടുംബങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന തോടാണ് വീണ്ടെടുത്ത്. കാര്‍ഷിക ആവശ്യങ്ങള്‍ക്കും ജലം ലഭ്യമാകുന്ന തോടിന്റെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ മുപ്പതോളം എന്‍.എസ്.എസ് വളണ്ടിയേഴ്‌സും സന്നദ്ധപ്രവര്‍ത്തകരും പഞ്ചായത്ത് പ്രതിനിധികളും പങ്കെടുത്തു.