പാലക്കാട്:സമൂഹത്തിൽ കുട്ടികൾക്ക് നേരെയുള്ള അതിക്രമ ങ്ങൾക്കെതിരെ ശബ്ദം ഉയർത്തി കുട്ടികളുടെ ജില്ലാ പാർലമെന്റ് ശ്രദ്ധേയമായി. വിശ്വാസിന്റെ ആഭിമുഖ്യത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന കുട്ടികളുടെ ജില്ലാ പാർലമെൻറ് ജില്ലാ കളക്ടർ ഡി. ബാലമുരളി ഉദ്ഘാടനം ചെയ്തു. ശിശുദിനാഘോഷത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള 10 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികളാണ് പാർലമെൻറിൽ പങ്കെടുത്തത്. ഓരോ സ്കൂളുകളിലും പ്രാഥമിക മത്സരങ്ങൾ നടത്തി അതിൽ നിന്നും തെരഞ്ഞെടുത്ത നാലുവിധം വിദ്യാർഥികളാണ് സ്കൂളിനെ പ്രതിനിധീകരിച്ച് മത്സരത്തിൽ പങ്കെടുത്തത്.
കുട്ടികളുടെ സുരക്ഷയിൽ സമൂഹത്തിനുള്ള പങ്ക് എന്ന വിഷയത്തിൽ നടന്ന പാർലമെൻറിൽ 19 സ്കൂളുകളിൽ നിന്നായി നൂറിലധികം വിദ്യാർഥികൾ പങ്കെടുത്തു. ജില്ലയിൽ ആദ്യമായാണ് കുട്ടികളുടെ പാർലമെൻറ് സംഘടിപ്പിച്ചത്. കുട്ടികൾ സമൂഹത്തിൽ ഒട്ടും സുരക്ഷിതരല്ലാത്ത അവസ്ഥയാണ്. കുട്ടികൾക്ക് നേരെ ഉണ്ടാകുന്ന ഓരോ പ്രശ്നങ്ങൾക്ക് ശേഷവും പരിഹാരത്തിന് ശ്രമിക്കുന്ന സാഹചര്യത്തിന് അടിയന്തരമായി മാറ്റം വരേണ്ടതുണ്ട് . കുട്ടികൾക്കും മാതാപിതാക്കൾക്കും കൃത്യമായ അവബോധവും ബോധവത്ക്കരണവുമാണ് ഇതിന് ആവശ്യമെന്നും സീരിയലു കൾക്കും, ടി.വി പരിപാടികൾക്കും പിന്നാലെ മാതാപിതാക്കൾ പോകുമ്പോൾ പലപ്പോഴും കുട്ടികൾക്ക് വേണ്ടി സമയം കണ്ടെത്താനും കുട്ടികളുടെ കാര്യങ്ങൾ കേൾക്കാനും കഴിയാറില്ലെന്നു അത് ഒരു പരിധിവരെ ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകുന്നതായും പാർലമെന്റ് തുറന്നു കാട്ടി. കുട്ടികൾക്കു നേരെയുണ്ടാകുന്ന അക്രമങ്ങളെ ചെറുക്കുന്നതിന് തായ്കൊണ്ടൊ, കരാട്ടെ തുടങ്ങിയവയിൽ സ്കൂളുകളിൽ പരിശീലനം നൽകണം. കൃത്യമായ ബോധവൽക്കരണത്തിലൂടെയും ആശയവിനിമയത്തിലൂടെയും മാത്രമെ വർദ്ധിക്കുന്ന ഇത്തരം അക്രമങ്ങളെ ചെറുക്കാൻ കഴിയുകയുള്ളൂവെന്നും കുട്ടികൾ പാർലമെൻറിൽ അഭിപ്രായപ്പെട്ടു.
ജന്മനാ ഇരുകൈകളുമില്ലാതെ ജീവിതത്തോട് പോരാടുന്ന ചിത്രകാരനായ വിദ്യാർത്ഥി പ്രണവിനെയും, ബൈക്കിൽ ഒറ്റയ്ക്ക് പാലക്കാട് നിന്നും ലഡാക് വരെ സഞ്ചരിച്ച് സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയയായ കൽപാത്തി സ്വദേശിനി ശ്രീലക്ഷ്മിയെയും പരിപാടിയിൽ ജില്ലാകലക്ടർ ആദരിച്ചു. മികച്ച പാർലിമെന്റേറിയനായി പെൺകുട്ടികളുടെ വിഭാഗത്തിൽ നിന്നും ചിതലി ഭവൻസ് വിദ്യാമന്ദറിലെ നന്ദന രാജേഷ്, പാലക്കാട് അമൃത വിദ്യാലയത്തിലെ സാന്ദ്ര സുരേഷ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. ആൺ കുട്ടികളുടെ വിഭാഗത്തിൽ നിന്നും മികച്ച പാർലിമെന്റേറിയാനായി ബി.എസ്.എസ്. ഗുരുകുലത്തിലെ പി.ശ്രീഹരി, പാലക്കാട് കേന്ദ്രീയ വിദ്യാലയത്തിലെ ശ്രീനിവാസ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റും പരിപാടിയിൽ നൽകി.
ചൈൽഡ് വെൽഫെയർ കമ്മിറ്റി മുൻ ചെയർമാൻ വി.പി. കുര്യാക്കോസ്, ചൈൽഡ് കെയർ യൂണിറ്റ് പ്രതിനിധി ഫാദർ ജോസ് പുത്തൻ ചിറ , കൊടുവായൂർ സായി സ്കൂൾ പ്രധാന അധ്യാപിക ദീപ ജയകുമാർ എന്നിവരാണ് പാർലിമെന്റിൽ വിധികർത്താക്കളായെത്തിയത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പാലക്കാട് മേഖല മാനേജർ ലേഖ മേനോൻ, പി. പ്രേം നാഥ്, അഡ്വ. ശാന്ത ദേവി, ജയരാജ്, അഡ്വ. ദിൽബി ജോസഫ്, ആർ.ദേവി കൃപ, അഡ്വ. രാഖി,ജോർജ്, സൂര്യ, വിവിധ വകുപ്പ് പ്രതിനിധികൾ, അധ്യാപകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.