മലമ്പുഴ: പഞ്ചായത്തിന് സംസ്ഥാന സർക്കാർ അനുവദിച്ച കനിവ് 108 ആംബുലൻസ് മലമ്പുഴ മന്തക്കാട് ജംഗ്ഷനിൽ നടന്ന പരിപാടിയിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് അഡ്വ: കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു.
ആരോഗ്യമേഖലയിൽ കനിവ് 108 ആംബുലൻസ് പുതിയ കാൽവെൽപ്പാണെന്നും പൂർണമായുള്ള സൗജന്യ ചികിത്സ അവശ്യ സമയത്ത് പൊതു ജനങ്ങൾക്ക് ലഭിക്കാൻ ഇത് പ്രയോജനകരമാകുമെന്നും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
റോഡപകടങ്ങളിൽ പെടുന്നവരെ സമയബന്ധിതമായി പ്രഥമ ശുശ്രൂഷയ്ക്കു ശേഷം അടിയന്തര ചികിത്സയ്ക്ക് ആശുപത്രിയിലെത്തിക്കുക, ആദ്യ 48 മണിക്കൂർ സൗജന്യ ചികിത്സ ലഭ്യമാക്കുക എന്നീ ലക്ഷ്യത്തോടെയാണ് സംസ്ഥാനത്തൊട്ടാകെ ആധുനിക സൗജന്യ ആംബുലൻസ് ശൃംഖല കനിവ് -108 ആരംഭിച്ചത്. 108 എന്ന ടോൾഫ്രീ നമ്പർ വഴിയോ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ കേന്ദ്രീകൃത കോൾ സെന്ററിന്റെ സഹായത്തോടെ സൗജന്യ ആംബുലൻസ് സേവനം ലഭ്യമാകുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
ആദിവാസി വിഭാഗക്കാർ താമസിക്കുന്ന പഞ്ചായത്തെന്ന പരിഗണനയിൽ ഭരണപരിഷ്ക്കാര കമ്മീഷൻ ചെയർമാനും മലമ്പുഴ എം എൽ എയുമായ വി.എസ് അച്ചുതാനന്ദന്റെ നിർദേശപ്രകാരമാണ് മലമ്പുഴക്ക് ആംബുലൻസ് അനുവദിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇന്ദിര രാമചന്ദ്രൻ അദ്ധ്യക്ഷയായി. ബ്ലോക്ക് അംഗം സി. സുബ്രമണ്യൻ, വൈസ് പ്രസിഡൻറ് സാലി വർഗീസ്, ഡോ. ശ്രുതി നമ്പ്യാർ , വികസന സമിതി ചെയർമാൻ തോമസ് വാഴപ്പള്ളി സംസാരിച്ചു