മണ്ണാര്‍ക്കാട്: പതിനെട്ടാമത് അക്ഷയ ദിനാഘോഷത്തിന്റെ ഭാഗ മായി മണ്ണാര്‍ക്കാട് അട്ടപ്പാടി ബ്ലോക്കുകളിലെ അക്ഷയ സംരഭകരു ടെ കൂട്ടായ്മ വിവിധ സേവന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അക്ഷയ യുടെ പ്രസക്തി ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി നവംബര്‍ 15ന് രാവിലെ മണ്ണാര്‍ക്കാട് എഎം പ്ലാസ ബില്‍ഡിങ്ങില്‍ വെച്ച് വിവിധ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് സൗജന്യമായി ചെയ്ത് കൊടുക്കും.മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒപി ഷെരീഫ് ഉദ്ഘാടനം ചെയ്യും. നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സിപി പുഷ്പാനന്ദന്‍ അധ്യക്ഷത വഹിക്കും. ജീവന്‍ പ്രമാണ്‍, ആധാര്‍ മൊബൈല്‍ അപ്ഡേഷന്‍, ആധാര്‍ റേഷന്‍ കാര്‍ഡ് അപ്ഡേഷന്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേ ക്കുള്ള അപേക്ഷ (CMDRF) , എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് റെജിസ്‌ട്രേഷന്‍, യുണീക്ക് ഡിസബിലിറ്റി ഐ.ഡി. (UDID) കാര്‍ഡ് രജിസ്‌ട്രേഷന്‍, ജനന, മരണ, വിവാഹ സര്‍ട്ടിഫിക്കറ്റ് മുതലായ സേവനങ്ങള്‍ ഈ ക്യാമ്പില്‍ സൗജന്യമായി നല്‍കും.പയ്യനെടം അഭയ വൃദ്ധസദനത്തില്‍ ആധാര്‍,വോട്ടര്‍ ഐഡി ക്യാമ്പ് നടത്തും. കുമരംപുത്തൂര്‍ പഞ്ചായത്തിലെ മരുതംകോട് കോളനിവാസിക ളുടെ വിവിധ ക്ഷേമത്തിന് വേണ്ടിയുള്ള അപേക്ഷകള്‍ സൗജന്യ മായി ചെയ്ത് കൊടുക്കും. അട്ടപ്പാടി അഗളി പഞ്ചായത്തിലെ കാരുണ്യാശ്രമത്തില്‍ ആധാര്‍ ക്യാമ്പ് നടത്തും. കാഞ്ഞിരപ്പുഴ പാമ്പന്‍കോളനിയില്‍ പ്രളയത്തില്‍ രേഖ നഷ്ടപ്പെട്ടവര്‍ക്ക് വിവിധ രേഖകളുടെ അപേക്ഷകള്‍ സൗജന്യമായി ചെയ്ത് കൊടുക്കും. പാലക്കാട് ജില്ലയിലെ അവശത അനുഭവിക്കുന്നവര്‍ക്കും കിടപ്പുരോഗികളായവര്‍ക്കും ആധാര്‍ സേവനങ്ങള്‍ അവരുടെ വീട്ടില്‍ ചെന്ന് എടുക്കുന്നതിനുമുള്ള റെജിസ്‌ട്രേഷന്‍ ജില്ലയിലെ അക്ഷയ കേന്ദ്രങ്ങളിലും തുടങ്ങാനും സമയബന്ധിതമായി ചെയ്ത് തീര്‍ക്കുന്നതിനും തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. ബ്ലോക്ക് തല സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിയ്യക്കുറുശ്ശി ഫെയ്ത്ത് ഇന്ത്യ സ്‌പെഷ്യല്‍ സ്‌കൂളിലെ രേഖകള്‍ ഹാജരാക്കിയ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും യുണീക്ക് ഡിസബലിറ്റി ഐഡി കാര്‍ഡ് രജിസ്‌ട്രേഷന്‍ മണ്ണാര്‍ക്കാട് അട്ടപ്പാടി ബ്ലോക്കുകളിലെ അക്ഷയ സംരഭക കൂട്ടായ്മയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. 102 വിദ്യാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്തതായും ഭാരവാഹികള്‍ പറഞ്ഞു.