കോട്ടോപ്പാടം:കലയുടെ സുവര്‍ണ്ണ രേണുക്കള്‍ കോട്ടോപ്പാട ത്തിന്റെ നെറുകയില്‍ ചാര്‍ത്തി അറുപതാമത് മണ്ണാര്‍ക്കാട് ഉപജില്ലാ കേരള സ്‌കൂള്‍ കലോത്സവത്തിന് അരങ്ങുണര്‍ന്നു.ഇനി രണ്ട് നാള്‍ ചരിത്രഭൂമികയില്‍ ബാല്യകൗമാരങ്ങളുടെ സര്‍ഗ വസന്തം പൂത്തുലയും. കോട്ടോപ്പാടം കല്ലടി അബ്ദു ഹാജി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നവംബര്‍ എട്ട് വരെയാണ് കലോത്സവം നടക്കുന്നത്.ഇന്ന് രാവിലെ 9ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഒ ജി അനില്‍കുമാര്‍ പതാക ഉയര്‍ത്തിയുടെ കലയുടെ ഉത്സവാരവ ങ്ങളുയര്‍ന്നു. വേദി രണ്ട് നന്‍മയില്‍ മാപ്പിളപ്പാട്ടോടെ മത്സരങ്ങള്‍ക്ക് തുടക്കമായി.മോഹിനിയാട്ടം,കേരള നടനം,കുച്ചിപ്പുടി, കോല്‍ക്കളി, അറബനമുട്ട്,ദഫ്മുട്ട്,സംഘഗാനം,വൃന്ദവാദ്യം,ദേശഭക്തിഗാനം എന്നീ മത്സരങ്ങള്‍ ആദ്യദിനത്തെ അനുപമമാക്കി. അറബിക്,സംസ്‌കൃതം കലോത്സവത്തില്‍ അഭിനയഗാനം,പദ്യം ജനറല്‍,മോണോ ആക്ട്,കഥാപ്രസംഗം,അറബിക് പദ്യം ചൊല്ലല്‍ ,പ്രസംഗം ,സംഭാഷണം,മുഷാഅറ,കഥാകഥനം,ഗാനാലാപനം,വന്ദേമാതരം,സംഘഗാനം,അക്ഷരശ്ലോകം,കാവ്യകേളി തുടങ്ങിയ ഇനങ്ങള്‍ അരങ്ങിലെത്തി. 111 വിദ്യാലയങ്ങളില്‍ 4315 പ്രതിഭകളാണ് മത്സരിക്കുന്നത്.ഒരുമ,നന്‍മ,ഓര്‍മ,മേന്‍മ,തനിമ,പെരുമ,അരുമ,പൊലിമ,ഗിരിമ,നീലിമ,കര്‍മ തുടങ്ങിയ 11 വേദികളിലായാണ് മത്സരം നടക്കുന്നത്.