പാലക്കാട് :കുടുംബശ്രീ സംസ്ഥാന കലോല്‍സവം അരങ്ങ് 2019 ന്റെ രണ്ടാംദിനം പൂര്‍ത്തിയായപ്പോള്‍ 17 ഇനങ്ങളുടെ ഫലങ്ങള്‍ പുറത്ത് വന്നതോടെ 55 പോയിന്റുമായി കാസര്‍ഗോഡ് ജില്ല മുന്നിട്ടു നില്‍ക്കുന്നു. 37 പോയിന്റുമായി കണ്ണൂര്‍ രണ്ടാം സ്ഥാനത്തും 26 പോയന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനത്തുമുണ്ട്. ആതിഥേയത്വം വഹിക്കുന്ന പാലക്കാട് ജില്ല 15 പോയിന്റുമായി നാലാം സ്ഥാനത്താണുള്ളത്. മൂന്നു ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തില്‍ 19 സ്റ്റേജിനങ്ങളിലും ആറ് സ്റ്റേജിതര മത്സരങ്ങളിലുമായി രണ്ടായിരത്തിലധികം കലാപ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്. കുടുംബശ്രീ പ്രതിനിധാനം ചെയ്യുന്ന 43 ലക്ഷം സ്ത്രീകളുടെ വളര്‍ച്ചയും മുന്നേറ്റവും പ്രതിഫലിപ്പിക്കുന്ന സാംസ്‌ക്കാരിക മേളയായാണ് ‘അരങ്ങ്’ സംഘടിപ്പിച്ചിരിക്കുന്നത്. ഗവ. വിക്ടോറിയ കോളേജ് , ഗവ. മോയന്‍ എല്‍. പി. സ്‌കൂള്‍, ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്.

മൂന്ന് ദിവസങ്ങളിലായി നടന്ന കുടുംബശ്രീ സംസ്ഥാന കലോത്സവം ‘അരങ്ങ് 2019 ‘ന് നവംബർ 3 ന് സമാപനമാവും. വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ നിർവഹിക്കും. ഷാഫി പറമ്പിൽ എം.എൽ.എ. അധ്യക്ഷനാവും.

പ്രശസ്ത സംഗീതജ്ഞൻ മണ്ണൂർ രാജകുമാരനുണ്ണി വിശിഷ്ടാതിഥിയായി പങ്കെടുക്കുന്ന പരിപാടിയിൽ എം.എൽ.എ. മാരായ കെ.വി. വിജയദാസ്, എൻ. ഷംസുദ്ദീൻ, വി.ടി. ബൽറാം, പി. ഉണ്ണി , പി.കെ.ശശി, കെ.ഡി. പ്രസേനൻ, കെ. ബാബു എന്നിവർ മികവുകളെ ആദരിക്കും. പാലക്കാട് നഗരസഭ വൈസ് ചെയർമാൻ കൃഷ്ണകുമാർ, കേരള ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ സെക്രട്ടറി സി.കെ. ചാമുണ്ണി, സുമാവേലി മോഹൻദാസ്, കുടുംബശ്രീ എ ആന്റ എഫ് ഡയറക്ടർ ആശാവർഗീസ് എന്നിവർ പങ്കെടുക്കും.


By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!