പാലക്കാട് : പ്രായം ഒന്നിനും പരിധിയില്ലെന്ന് തെളിയിക്കുന്ന തായിരുന്നു സംസ്ഥാന കുടുംബശ്രീ കലോത്സവത്തിലെ നാടോടിനൃത്ത വേദി. അരങ്ങ് 2019 ന്റെ രണ്ടാം ദിനത്തില്‍ വിക്ടോറിയ കോളേജിലെ പ്രധാനവേദിയായ കറുത്തമ്മയില്‍ അരങ്ങേറിയ നാടോടി നൃത്ത മത്സരം ശ്രദ്ധേയമായി. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി 30 പേരാണ് മത്സരത്തില്‍ പങ്കെടുത്തത്. പഴയകാല ഓര്‍മ്മകള്‍ ചേര്‍ത്തുപിടിച്ച് കൊയ്ത്തുപാട്ടുള്‍പ്പെടെയുള്ള ഗാനങ്ങള്‍ക്കാണ് മത്സരാര്‍ത്ഥികള്‍ ചുവട്‌വെച്ചത്. വേഷവും ഭാവവും കൊണ്ട് നാടോടി നൃത്തങ്ങള്‍ ഓരോന്നും മികച്ച ചുവടുകളുമായി താളം പിഴക്കാതെ വ്യത്യസ്തമായി. തുടക്കം മുതല്‍ നാടോടിനൃത്തവേദിയില്‍ കാണികള്‍ നിറഞ്ഞിരുന്നു. പിന്നാക്ക വിഭാഗങ്ങളിലെ പ്രശ്‌നങ്ങള്‍, ജാതീയത, സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളും നാടോടിനൃത്ത വേദിയില്‍ അവതരണ വിഷയങ്ങളായി .