അഗളി: കനത്ത മഴയില്‍ കവിഞ്ഞൊഴുകിയിരുന്ന വരഗാര്‍ മുറിച്ചു കടക്കാന്‍ ശ്രമിച്ച രണ്ട് പേര്‍ ഒഴുക്കില്‍പ്പെട്ട് മരിച്ച സംഭവത്തില്‍ നാട്ടുകാരുടെ പ്രതിഷേധം. പുതൂര്‍ പഞ്ചായത്തിലെ സ്വര്‍ണഗദ്ദ കഴിഞ്ഞ് അരളിക്കോണത്ത് പുഴ മുറിച്ചു കടക്കാന്‍ പാലം വേണമെന്നും വാസയോഗ്യമായ വീടുകള്‍ വേണമെന്നും ആവശ്യപ്പെട്ടാണ് താഴെ ഭൂതയാര്‍, മേലെ ഭൂതയാര്‍, ഇടവാണി ഊരുകളില്‍ നിന്നെത്തിയവരാണ് സമരം നടത്തി യത്. നാല് ദിവസം മുന്‍പ് പുഴയിലെ ഒഴുക്കില്‍പ്പെട്ട ഇടവാണി ഊരുകാരനായ മുരുകന്‍ (28), മേലെ ഭൂതയാര്‍ ഊരിലെ കൃഷ്ണന്‍ (56) എന്നിവരുടെ മൃതദേഹം കണ്ടെത്തിയ ചെമ്പുവട്ടക്കാട് പ്രദേശത്ത് പുഴക്ക് സമീപത്തായി റോഡിലാണ് ഇവര്‍ കുത്തിയിരുന്നു പ്രതിഷേധിച്ചത്. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോകാന്‍ അനുവ ദിക്കാതെ റോഡില്‍ കുത്തിയിരിക്കുകയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍, പുതൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി അനില്‍കുമാര്‍, അട്ടപ്പാടി നോഡല്‍ ഓഫീസറായ ഒറ്റപ്പാലം സബ് കലക്ടര്‍ ഡോ. മിഥുന്‍ പ്രേംരാജ്, ഐടിഡിപി അസി. ഓഫീസര്‍ സാദിഖ് അലി, അട്ടപ്പാടി തഹസില്‍ദാര്‍ ഷാനവാസ് ഖാന്‍, എകെ എസ് ജില്ലാ സെക്രട്ടറി എം രാജന്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തിയിരുന്നു.തുടര്‍ന്ന് അധികൃതര്‍ സമരക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ പാലം നിര്‍മിച്ചുനല്‍കാമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് മണിക്കൂറുകള്‍ക്കൊടുവില്‍ സമരം അവസാനിച്ചത്.