മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ഫുട്ബോള്‍ അസോസിയേഷന്‍ നടത്തുന്ന 11-ാമത് അഖി ലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് നാളെ മുതല്‍ ആശുപത്രിപ്പടി മുബാസ് ഫ്ളഡ്ലൈറ്റ് സ്റ്റേഡിയത്തില്‍ തുടങ്ങുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സെവന്‍സ് ഫുട്ബോള്‍ അസോസിയേഷന്റെ അംഗീകാരമുള്ള 20 ടീമുകളാണ് ഒരുമാസത്തോളം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റില്‍ മത്സരിക്കുന്നത്. നോക്കൗട്ട് മത്സരമാണ്. രാത്രി എട്ടിന് മത്സരങ്ങള്‍ തുടങ്ങും. 50 രൂപയാണ് ടിക്കറ്റിന് ഈടാക്കുന്നത്. ഉദ്ഘാടനദിനമായ ബുധനാഴ്ച വൈകുന്നേരം ആറിന് സിനിമാതാര ങ്ങളായ കോട്ടയം നസീര്‍, വീണാ നായര്‍, പാഷാണം ഷാജി എന്നിവര്‍ നയിക്കുന്ന കോമഡി പരിപാടിയും ഗാനമേളയും നടക്കും. പരിപാടിക്കും മത്സരത്തിനുമായി ഇന്നേ ദിവസം 100 രൂപയാണ് ഈടാക്കുക. ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം വി.കെ.ശ്രീകണ്ഠന്‍ എം.പി.യും കലാപരിപാടികളുടെ ഉദ്ഘാടനം എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ.യും നിര്‍വഹിക്കും. കെ.എം.ജി. മാവൂരും യൂണൈറ്റഡ് എഫ്.സി. നെല്ലിക്കുത്തും ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടും. മണ്ണാര്‍ക്കാട് മുല്ലാസ് വെഡ്ഡിങ് സെന്ററാണ് ടൂര്‍ണമെന്റിന്റെ സ്പോണ്‍സര്‍. അസോസിയേഷന്‍ ഭാരവാഹികള്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. സര്‍ക്കാരും വിവിധ വകുപ്പുകളും നിര്‍ദേശിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട്
പൂര്‍ണ്ണമായും ഇരുമ്പില്‍ തീര്‍ത്ത ഗ്യാലറിയാണ് കാണികള്‍ക്ക് ഇരിപ്പിടമായി ഒരുക്കിയിട്ടുള്ളത്. പകല്‍പോലെ തിളങ്ങുന്ന വെളിച്ചസംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. കാണികള്‍ക്കും കളിക്കാര്‍ക്കും ഉള്‍പ്പടെ ഒരു കോടി രൂപയുടെ ഇന്‍ഷൂറന്‍സ് പരിരക്ഷയും ഉറപ്പാക്കിയിട്ടുണ്ട്. കഴിഞ്ഞ 10 ടൂര്‍ണമെന്റുകളില്‍ നിന്നായി ലഭിച്ച 70 ലക്ഷത്തിലധികം രൂപ വിവിധ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായും കോച്ചിങ് ക്യാംപുകള്‍ക്കായും വിനിയോഗിച്ചതായും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ സെവന്‍സ് ഫുട്ബോള്‍ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ചെറൂട്ടി, എം.എഫ്.എ. ഭാരവാഹികളായ ഫിറോസ് ബാബു, എം. സലീം, റസാക്ക്, ഇബ്രാഹിം, പി.എം. സഫീര്‍, കെ.പി.എം. ഷൗക്കത്ത് തുടങ്ങിയവര്‍ അറിയിച്ചു.