കാർണിവലിൽ വിറ്റത് ഏഴ് ടൺ പച്ചക്കറി

തൃത്താല: സുസ്ഥിര തൃത്താല പദ്ധതിയെ കൂടുതൽ ജനകീയമാക്കി സമസ്ത മേഖല യിലും മികച്ച നേട്ടം കൈവരിക്കണമെന്ന് തദ്ദേശസ്വയംഭരണ-എക്സൈസ്-പാർലിമെൻ്ററികാര്യ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. കൂറ്റനാട്
കാർഷിക കാർണിവലിൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

സുസ്ഥിര തൃത്താല പദ്ധതി വഴി തൃത്താല മണ്ഡലത്തിൽ കൃഷി ചെയ്ത ഏഴ് ടൺ പച്ചക്കറിയാണ് കാർഷിക കാർണിവലിൽ വിറ്റഴിച്ചത്. 23 കിലോ വരാൽ മത്സ്യവും വിപണനം ചെയ്യാൻ കഴിഞ്ഞത് സുസ്ഥിര തൃത്താല പദ്ധതിയുടെ വിജയമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.ഓണ വിപണി ലക്ഷ്യമാക്കി പച്ചക്കറി കൃഷിക്ക് കൂടുതൽ പ്രാധാന്യം നൽകി ഓണത്തിന് വിപുലമായ കാർഷികമേള സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഭൂഗർഭ ജലവിതാനത്തിലും നെൽക്കൃഷിയിലും വൻ മുന്നേറ്റമാണ് സുസ്ഥിര തൃത്താല പദ്ധതി വഴി ഉണ്ടായത്. 1.66 കോടി രൂപ (166 ലക്ഷം) മണ്ഡലത്തിലെ നീർത്തട സംരക്ഷണത്തിനായി അനുവദിച്ചതായും മന്ത്രി അറിയിച്ചു.

വാഴക്കാട് പാടശേഖരത്തിൽ നടന്ന ചടങ്ങിൽ തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി റജീന അധ്യക്ഷത വഹിച്ചു.പി പി സുമോദ് എം എൽ എ മുഖ്യാതിഥിയായിരുന്നു. നവകേരളം കർമ്മ പദ്ധതി ജില്ലാ കോ ഓർഡിനേറ്റർ പി സൈതലവി റിപ്പോർട്ട് അവതരിപ്പിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ആർ കുഞ്ഞുണ്ണി ,പഞ്ചായത്ത് പ്രസിഡന്റുമാരായ പി കെ ജയ , ഷഹഫുദീൻ കളത്തിൽ, കെ മുഹമ്മദ്, ടി സുഹറ, ജില്ലാ പഞ്ചായത്ത് അംഗം ഷാനിബ ടീച്ചർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.മണ്ഡലത്തിലെ മികച്ച കർഷകരെയും സംസ്ഥാന സ്കൂൾ ശാസ്ത്ര-കലാ-കായിക മേളകളിൽ പങ്കെടുത്ത വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ പെരിങ്ങോട് ഹയർ സെക്കൻഡറി സ്കൂളിലെ മഹാലക്ഷ്മിയും സംഘവും അവതരിപ്പിച്ച മദ്ദളകേളിയും അരങ്ങേറി.തുടർന്ന് പുനർജ്ജനി ഫോക്ക് ബാൻഡ് അവതരിപ്പിച്ച നാടൻപാട്ടും ഉണ്ടായിരുന്നു.നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി വി ബാലചന്ദ്രൻ സ്വാഗതവും കൃഷി അസിസ്റ്റന്റ് ഡയറക്ടർ മാരിയത്ത് കിബിത്തിയ നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!