മണ്ണാര്‍ക്കാട് : സമൂഹത്തില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്കൊരു കൈത്താങ്ങ് നല്‍കി അറുപതാം പിറന്നാളിനെ അനുകരണീയമാതൃകയാക്കി പഞ്ചായത്ത് ജീവനക്കാരന്‍. തച്ചമ്പാറ ഗ്രാമ പഞ്ചായത്ത് ഓഫിസിലെ പാര്‍ട് ടൈം സ്വീപ്പറായ ഹരിദാസനാണ് ആ സുമനസിന്റെ ഉടമ. തന്റെ തുച്ഛമായ ശമ്പളത്തില്‍ നിന്നും കരുതിവെച്ച തുകയാണ് ഷഷ്ഠിപൂര്‍ത്തിനാളില്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവിന് നല്‍കിയത്. ഇന്നലെ ചേര്‍ന്ന പാലിയേറ്റീവ് യോഗത്തില്‍ വച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.നാരായണന്‍കുട്ടി യുടെ സാന്നിദ്ധ്യത്തില്‍ തുക മെഡിക്കല്‍ ഓഫിസര്‍ക്ക് കൈമാറി. വര്‍ഷങ്ങളായി പഞ്ചായത്തിലെ പാര്‍ട് ടൈം സ്വീപ്പറായി ജോലി നോക്കി വരുന്നയാളാണ് ഓഫിസി ലുള്ളവരുടെയും നാട്ടുകാരുടേയും ഹരിയേട്ടനെന്ന ഈ ഹരിദാസന്‍. രാവിലെ ആറു മണി മുതല്‍ കര്‍മ്മനിരതനാകുന്ന ഹരിദാസന്‍ വൈകുന്നേരം വരെ പഞ്ചായത്തിലെ എല്ലാ ജോലികളിലും സഹായിക്കുന്നതിലുപരി സേവനങ്ങള്‍ക്കായി എത്തുന്ന പൊതു ജനങ്ങള്‍ക്ക് തന്റെ കഴിവിന് അനുസരിച്ച് സഹായവും ചെയ്ത് നല്‍കാറുണ്ട്. അത് കൊ ണ്ട് തന്നെ നാട്ടുകാര്‍ക്കെല്ലാം വളരെ സുപരിചിതനുമാണ്. മണ്ണാര്‍ക്കാട് സ്വദേശിയാണ് ഹരിദാസന്‍. ഭാര്യയും വിദ്യാര്‍ഥികളായ രണ്ട് ആണ്‍മക്കളുമുണ്ട്.