പാലക്കാട്:പെരുമാട്ടി, പട്ടഞ്ചേരി, നല്ലേപ്പിള്ളി, എലപ്പുള്ളി പഞ്ചായത്തുകള്‍ ക്കായി കുന്നംങ്കാട്ടുപതിയില്‍ സ്ഥാപിച്ച സമഗ്ര കുടിവെള്ള പദ്ധതി ജലശുദ്ധീകരണശാലയുടെ ഉദ്ഘാടനവും ജലസംഭരണികളുടെ നിര്‍മാണോദ്ഘാടനവും നവംബര്‍ 28 രാവിലെ 10 ന് കന്നിമാരിയില്‍ ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. മാരിമുത്തു അധ്യക്ഷനാവും.
നാല് പഞ്ചായത്തുകളിലെ മുഴുവന്‍ ജനങ്ങള്‍ക്കും ശുദ്ധീകരിച്ച കുടിവെള്ളം എത്തിക്കുന്നതിന് വിഭാവനം ചെയ്ത പദ്ധതിയുടെ ഒന്നാംഘട്ടമാണ് നിലവില്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്. സ്റ്റേറ്റ് പ്ലാനില്‍ 1370 ലക്ഷത്തിന് അംഗീകാരം ലഭിച്ച പദ്ധതിയിലൂടെ കുന്നംങ്കാട്ടുപതിയില്‍ സ്ഥാപിച്ച 18 ദശലക്ഷം ലിറ്റര്‍ പ്രതിദിന ഉത്പ്പാദന ശേഷിയുള്ള ജലശുദ്ധീകരണശാല, പമ്പ്‌സെറ്റ്, എ.ബി.സി പവര്‍ലൈന്‍ എന്നിവയാണ് ഉള്‍പ്പെടുന്നത്. പദ്ധതിയുടെ രണ്ടാംഘട്ടമായി കിഫ്ബി 2017-18 ല്‍ ഉള്‍പ്പെടുത്തി 2597 ലക്ഷം രൂപയ്ക്ക് അംഗീകാരം ലഭിച്ച ഉന്നതതല ജലസംഭരണികള്‍, പമ്പിങ് മെയിനുകള്‍ എന്നിവയുടെ നിര്‍മാണോദ്ഘാടനവും മന്ത്രി നിര്‍വഹിക്കും.
പരിപാടിയില്‍ രമ്യ ഹരിദാസ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ ശാന്തകുമാരി, കേരള ജല അതോറിറ്റി ബോര്‍ഡ് അംഗം അഡ്വ. വി.മുരുകദാസ് മുഖ്യാതിഥികളാവും. കേരള ജല അതോറിറ്റി ടെക്‌നിക്കല്‍ അംഗം ടി. രവീന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. കേരള ജല അതോറിറ്റി മാനെജിങ് ഡയറക്ടര്‍ ഡോ. എ. കൗശിഗന്‍, ചിറ്റൂര്‍, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.