മണ്ണാര്‍ക്കാട്: ജില്ലയിലെ മലയോരമേഖലകളില്‍ വന്യമൃഗശ്യത്താല്‍ വലയുന്ന കര്‍ഷകര്‍ ജീവനും ജീവപനോപാധികളുടെ സംരക്ഷ ണ ത്തിനുമായുള്ള പ്രായോഗിക നിര്‍ദേശങ്ങള്‍ കേരളാ വനം വന്യ ജീ വി വകുപ്പിന് സമര്‍പ്പിച്ചു. കാടിറങ്ങുന്ന വന്യജീവികള്‍ കര്‍ഷകരു ടെ ഒരായുസിന്റെ അധ്വാനത്തെ ഒറ്റരാത്രികൊണ്ട് തകര്‍ക്കുന്ന കാഴ്ചയാണെങ്ങും. കാട്ടാന, പുലി, കാട്ടുപന്നി,മുള്ളന്‍പന്നി, മയില്‍, കുരങ്ങ് തുടങ്ങിയവയാണ് ഏറെയും നാശംവിതയ്ക്കുന്നത്. വന്യ മൃഗങ്ങള്‍ കാടിറങ്ങുന്നത് തടയാനുള്ള ശാശ്വത നടപടികള്‍ ഫലപ്രദമാകാത്തതും നശിപ്പിക്കപ്പെടുന്ന വിളകള്‍ക്ക് മതിയായ നഷ്ടപരിഹാരം ലഭിക്കാത്തതിനാലും കൃഷിതന്നെ ഉപേക്ഷിക്കേണ്ട അവസ്ഥയാണ് മലയോരമേഖലകളിലെ കര്‍ഷകരുടേത്. ഈ സാഹചര്യത്തില്‍ മനുഷ്യ – വന്യജീവി സംഘര്‍ഷത്തിന് പരിഹാരം കണ്ടെത്തുവാനുള്ള പദ്ധതി തയ്യാറാക്കുന്നതിനായി 12 പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ കര്‍ഷകര്‍ അധികൃതര്‍ക്ക് മുന്നില്‍ സമര്‍പ്പിച്ചിരിക്കുന്നത്.ജില്ലയില്‍, എടത്തനാട്ടുകര, തിരുവിഴാംകുന്ന്, കണ്ടമംഗലം, മേക്കളപ്പാറ, പൊതുവപ്പാടം, മൈലാംപാടം, തത്തേങ്ങലം, മെഴുകുംപാറ, ആനമൂളി, ഷോളയൂര്‍, നെല്ലിപ്പതി, കുറവന്‍പാടി, പുലിയറ, ചിറ്റൂര്‍, ചുണ്ടകുളം, കുറവന്‍കണ്ടി, താവളം, കൂക്കംപാളയം, കണ്ടിയൂര്‍, കൊല്ലംകടവ്, ഇസ്റ്റൂര്‍, ത്രിത്വമല, കള്ളമല, ചോലക്കാട്, പറയംകുന്ന്, ചീരക്കടവ്, പരപ്പംതറ, പൂഞ്ചോല, ഇരുമ്പകച്ചോല, പാലക്കയം, കരിമല, മീന്‍വല്ലം, പാങ്ങ്, പറക്കലടി, വടക്കന്റെ കാട്, തുടിക്കോട്, ചെറുമല, മുട്ടയങ്ങാട്, മൂന്നേക്കര്‍, കല്ലടിക്കോട്, മുണ്ടൂര്‍ ഒടുവങ്ങാട്, ഞാറക്കോട്, ധോണി, കഞ്ചിക്കോട്, മംഗലം ഡാം മേഖലയില്‍ കടപ്പാറ, രണ്ടാംപുഴ, കടമപ്പുഴ, മണ്ണെണ്ണക്കയം, മാനിള, വടക്കഞ്ചേരി മേഖലയിലെ പാലക്കുഴി, കണിച്ചിപ്പരുത, പനംകുറ്റി, പൂതനക്കയം തുടങ്ങിയ പ്രദേശങ്ങളിലാണ് വന്യമൃഗശല്യം രൂക്ഷമായിരിക്കുന്നത്.വന്യജീവികളുടെ എണ്ണം കേരളത്തില്‍ ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുന്നതിനാല്‍, വനവുമായി അതിര്‍ത്തി പങ്കിടുന്ന സ്വകാര്യ തോട്ടങ്ങള്‍ക്ക് വിപണി വില നല്കി വനംവകുപ്പ് അവ ഏറ്റെടുക്കുക, സ്ഥിരമായി ജനവാസ മേഖലകളിലേയ്ക്കിറങ്ങുന്ന കാട്ടാനകളെ കാട്ടിലേയ്ക്ക് തിരിച്ചയയ്ക്കാതെ അവയെ പിടികൂടി ആനവളര്‍ത്തുകേന്ദ്രങ്ങളിലേയ്ക്ക് മാറ്റുക, നഗരങ്ങളിലെ മനുഷ്യജീവനുകള്‍ക്ക് പോലും ഭീഷണിയായി മാറിയിരിയ്ക്കുന്ന കാട്ടുപന്നികളെ പിടികൂടി ഔഷധഗുണമുള്ള കാട്ടുപന്നി മാംസം ലേലം ചെയ്ത് വില്ക്കാനുള്ള അധികാരം നിയമഭേദഗതിയിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാര്‍ക്ക് നല്കുക, വന്യമൃഗങ്ങള്‍ക്ക് ആവശ്യമായ ഈറ്റ, മുള, പ്ലാവ്, പൈനാപ്പിള്‍ തുടങ്ങിയ തീറ്റവസ്തുക്കളുടെ കൃഷി മാത്രം വനംവകുപ്പ് നടത്തുകയും മറ്റ് തോട്ടകൃഷികള്‍ വനംവകുപ്പ് ഉടന്‍ അവസാനിപ്പിക്കുകയും ചെയ്യുക,
കുടിവെള്ളത്തിന്റെ ലഭ്യത ഉറപ്പുവരുത്താനായി കൂടുതല്‍ ജലസംഭരണികള്‍ വനത്തിനകത്ത് നിര്‍മ്മിക്കുകയും അവ വനംവകുപ്പ് കൃത്യമായി പരിപാലിക്കുകയും ചെയ്യുക, റെയില്‍ വൈദ്യുതവേലി, ആന മതില്‍ എന്നിവ സ്ഥാപിക്കുക, സൗരോര്‍ജ്ജ വൈദ്യുതവേലിയില്‍ മുഴുവന്‍ സമയവും വൈദ്യുതി ലഭ്യമാക്കാന്‍ മതിയായ അളവിലുള്ള സൗരോര്‍ജ്ജ പാനലുകള്‍ പ്രദേശങ്ങളില്‍ സ്ഥാപിക്കുക, സൗരോര്‍ജ്ജ വൈദ്യുതവേലി സംരക്ഷണ ജോലികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വന്യമൃഗ ആക്രമണഭീഷണി നേരിടുന്ന പ്രദേശവാസികളായ കര്‍ഷകരെത്തന്നെ ഏല്പിക്കുക, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കായുള്ള പാര്‍പ്പിട സൗകര്യങ്ങള്‍ വനാതിര്‍ത്തികളില്‍ മാത്രം ഭാവിയില്‍ നിര്‍മ്മിക്കുക, നിലവിലുള്ള ഡി.എഫ്.ഒ ഓഫീസുകളും മറ്റ് വനംവകുപ്പ് ഓഫീസുകളും ഉദ്യോഗസ്ഥരുടെ താമസസൗകര്യങ്ങളും വനാതിര്‍ത്തികളിലേയ്ക്ക് മാറ്റി സ്ഥാപിക്കുക, ജനവാസ മേഖലകളിലേയ്ക്ക് വന്യമൃഗങ്ങള്‍ കടന്നുവരുന്ന പ്രദേശങ്ങളില്‍ 24 മണിക്കൂറും കാവലിനായി ആര്‍.ആര്‍.ടി ജോലിയ്ക്കായി താല്ക്കാലിക ജീവനക്കാരെ പ്രശ്നബാധിത മാസങ്ങളില്‍ എല്ലാ വര്‍ഷവും നിയമിക്കുക, ജനവാസ മേഖലകളിലേയ്ക്കിറങ്ങുന്ന കാട്ടാനകളെ റിസര്‍വ്വ് ഫോറസ്റ്റിലെ ഉള്‍ക്കാടുകളിലേയ്ക്ക് തിരിച്ചയയ്ക്കാതെ ജനവാസ മേഖലകളുടെ അകത്തുതന്നെയുള്ള നിക്ഷിപ്ത വനമേഖലകളിലേയ്ക്ക് കയറ്റിവിടുന്നത് അവസാനിപ്പിക്കുക, ഒരു ജനവാസ മേഖലയില്‍ നിന്നും പിടികൂടുന്ന വന്യജീവികളെ മറ്റൊരു ജനവാസ മേഖലയില്‍ കൊണ്ടുപോയി വിടുന്നത് അവസാനിപ്പിക്കുക, യഥാര്‍ത്ഥ പ്രകൃതി സംരക്ഷകരായ കര്‍ഷകരെ വിശ്വാസത്തിലെടുത്തുകൊണ്ട് അവരുടെ ജീവനും നിലനില്പ്പിനും ഉതകുന്നവിധം വനംവകുപ്പിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കി നടപ്പിലാക്കുക എന്നിവയാണ് നിര്‍ദേശങ്ങളിലുള്ളത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!