പാലക്കാട്:നവംബർ മൂന്ന് വരെ നടക്കുന്ന കുടുംബശ്രീ സംസ്ഥാന കലോത്സവം ‘അരങ്ങ് 2019’ നോടനുബന്ധിച്ച് കുടുംബശ്രീ ഉൽപ്പന്നങ്ങളുടെ വിപണന മേള ‘സമൃദ്ധി’ പ്രധാന വേദിയായ വിക്ടോറിയ കോളെജിൽ ആരംഭിച്ചു. പാലക്കാട് നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ മേള ഉദ്ഘാടനം ചെയ്തു.
എം.കെ.എസ്.പി. പദ്ധതിക്ക് കീഴിലുള്ള സമൃദ്ധി ജെ.എൽ.ജി. ക്യാമ്പയിനുമായി ബന്ധപ്പെട്ടാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. കുടുംബശ്രീ സംരംഭകരുടെ മൂല്യമേറിയ ഉത്പന്നങ്ങൾ മാന്യമായ വിലയിൽ ഉപഭോക്താക്കളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ 22 സ്റ്റാളുകൾ മേളയിൽ ഒരുക്കിയിട്ടുണ്ട്. ‘നല്ലഭൂമി’ എന്ന പേരിൽ പ്രകൃതിയെ വീണ്ടെടുക്കണമെന്ന സന്ദേശവുമായി പ്രകൃതി സൗഹാർദ്ധമായ വസ്തുക്കളുടെയും ജൈവവളങ്ങളുടെയും വിപണനം,
ഗുണമേന്മയുള്ളതും വിഷരഹിതവുമായ ഭക്ഷ്യവസ്തുക്കൾ, കരകൗശല വസ്തുക്കൾ, ‘ഹിൽ വാല്യൂ’ എന്ന പേരിൽ അട്ടപ്പാടിയിലെ ഗോത്രപൈതൃകത്തിന്റെ തനിമ വിളിച്ചോതുന്ന തനത് ഉൽപ്പന്നങ്ങൾ, വിവിധതരം ആഭരണങ്ങൾ, വസ്ത്രങ്ങൾ , മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ തുടങ്ങി എട്ടോളം ഉൽപ്പന്നങ്ങൾ വിപണിയിലുണ്ട്.
നഗരസഭ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ വി.പി. രഘുനാഥ്, പാലക്കാട് ലീഡ് ജില്ലാ മാനേജർ ഡി.അനിൽ, ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ പി.സെയ്തലവി, എ.ഡി.എം.സി ഹാരിഫാബീഗം, എം.കെ.എസ്.പി ജില്ലാ പ്രോഗ്രാം മാനേജർ വി.സി.ശിഷിത് എന്നിവർ പങ്കെടുത്തു.