പാലക്കാട്:സ്വാതന്ത്ര്യസമര സേനാനിയായിരുന്ന ടി.ആര്‍ കൃഷ്ണസ്വാമി അയ്യര്‍ സ്ഥാപിച്ച ശബരി ആശ്രമത്തില്‍ ഗാന്ധിജി മൂന്ന് പ്രാവശ്യവും പത്‌നി കസ്തൂര്‍ബ യോടൊപ്പം ഒരു തവണയുമാണ് സന്ദര്‍ശനം നടത്തിയത്. ഗാന്ധിജിയെ ക്ഷണിച്ചിട്ടല്ല, ആശ്രമത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സ്വാതന്ത്ര്യസമര ത്തിലും സാമൂഹിക പ്രവര്‍ത്തനങ്ങളിലും നടത്തുന്ന ഇടപെടലുകളെകുറിച്ച് അറിഞ്ഞാണ് ആശ്രമത്തിലെത്തിയത്. ഇതില്‍ 1927 ലെ സന്ദര്‍ശന സമയത്ത് ആശ്രമത്തില്‍ ഗാന്ധിജി നട്ട തെങ്ങ്, ഗാന്ധിജിയും കസ്തൂര്‍ബയും വിശ്രമിച്ച കുടില്‍ എന്നിവ ഗാന്ധിജിയുടെ ജീവന്‍ തുടിക്കുന്ന സ്മരണകളായി ആശ്രമത്തില്‍ നിലനില്‍ക്കുന്നു. കായ്ഫലമുള്ള, ശരാശരിയില്‍ ഏറെ ഉയരവുമുള്ള ഈ തെങ്ങിന് ചുറ്റും തടം കെട്ടി സംരക്ഷിച്ചിട്ടുണ്ട്. ഗാന്ധിജിയും കസ്തൂരി വിശ്രമിച്ച കുടില്‍ തനിമ ചോരാതെ സംരക്ഷിച്ചിട്ടുണ്ട്.ടി. ആര്‍ കൃഷ്ണസ്വാമി അയ്യരുടെ ഭാര്യ ഈശ്വരി അമ്മാള്‍ രോഗികളെ പരിചരിക്കുന്നതിനും വൃത്തിയാക്കുന്നതിനുമായി ഉപയോഗിച്ചിരുന്ന വലിയ കുളം ഇപ്പോഴും ഉപയോഗ യോഗ്യമാണ്. ആശ്രമത്തിലെ അന്തേവാസികളും സമീപവാസികളും ഉപയോഗിക്കുന്ന ഈ കുളം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് കല്ലുകെട്ടി സംരക്ഷിച്ചത്. ആശ്രമത്തിലെ ചുറ്റുപാടുകള്‍ക്കും മരങ്ങള്‍ക്കും യാതൊരു കേടുപാടുകളും വരുത്താത്ത രീതിയിലുള്ള നവീകരണമാണ് ഹാബിറ്ററ്റ് ടെക്നോളജി ഗ്രൂപ്പ് ഡയറക്ടര്‍ ജി ശങ്കറിന്റെ നേതൃത്വത്തില്‍ നടത്തുന്നത്.