പാലക്കാട്:ശബരി ആശ്രമം നവീകരിക്കുമെന്ന വാക്കു പാലിച്ച് സംസ്ഥാന സര്‍ക്കാരും സാംസ്‌ക്കാരിക വകുപ്പും. അകത്തേത്തറ ശബരി ആശ്രമത്തില്‍ 2019 ജനുവരി 10 മുതല്‍ 15 വരെ നടന്ന രക്തസാക്ഷ്യം പരിപാടിയില്‍ പ്രഖ്യാപിച്ച ഗാന്ധി ‘രക്തസാക്ഷ്യം’ സ്മൃതി മന്ദിരത്തിന്റെ ഒന്നാംഘട്ട നവീകരണത്തിനാണ് മുഖ്യമന്ത്രി ഒക്ടോബര്‍ 21 ന് ശിലാസ്ഥാപനം നടത്തുന്നത്.ഗാന്ധിജിയുടെ 150-ാം ജന്മവാര്‍ഷികത്തിന്റെയും 70-ാം രക്തസാക്ഷിത്വ വാര്‍ഷികത്തി ന്റെയും ഭാഗമായാണ് സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഒരുവര്‍ഷം നീളുന്ന വിവിധ പരിപാടികളോടെ രക്തസാക്ഷ്യത്തിന് തുടക്കം കുറിച്ചത്. ഗാന്ധിജിയുടെ സ്മരണകള്‍ ജ്വലിച്ചുനില്‍ക്കുന്ന പയ്യന്നൂര്‍, തവനൂര്‍, വൈക്കം, വെങ്ങാന്നൂര്‍, പാലക്കാട് ശബരി ആശ്രമം എന്നിവിട ങ്ങളിലാണ് രക്തസാക്ഷ്യം സംഘടിപ്പിച്ചത്. ശബരി ആശ്രമത്തില്‍ നടന്ന രക്തസാക്ഷ്യം സമാപന സമ്മേളനത്തിലാണ് പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്കക്ഷേമ- നിയമ- സാംസ്‌ക്കാരിക- പാര്‍ല മെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ ബാലന്‍ ശബരി ആശ്രമം നവീകരിക്കുമെന്നും സ്മൃതി മന്ദിരം നിര്‍മിക്കുമെന്നും പ്രഖ്യാപിച്ചത്. ഇതിനായി ആദ്യഘട്ടത്തില്‍ 2.60 കോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. പരിസ്ഥിതി സൗഹൃദപരമായി സ്മൃതി മന്ദിരം നിര്‍മ്മിക്കാന്‍ ഹാബിറ്ററ്റ് ടെക്‌നോളജി ഗ്രൂപ്പിനാണ് ചുമതല.ഗാന്ധിജി താമസിച്ച കുടില്‍ അതിന്റെ തനിമ ചോരാതെ നവീകരിക്കും. വിദ്യാര്‍ഥികള്‍ക്ക് താമസിച്ച് പഠിക്കാനുള്ള സൗകര്യം, കോണ്‍ഫറന്‍സ് ഹാള്‍, കണ്ട്രോള്‍ മുറി, സെക്യൂരിറ്റി മുറി, കവാടം, പാതകള്‍, ലാന്‍ഡ് സ്‌കേപ്പിങ്, സൗരോര്‍ജ്ജ വിളക്ക് ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.