അട്ടപ്പാടി: ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സജീവ മായ ഇടപെടലുകള്‍ മൂലം മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന മേഖലയാണ് അട്ടപ്പാടിയെന്നും ആദിവാസി മേഖല കളിലേക്ക് രോഗം വ്യാപിക്കുന്നത് തടയാന്‍ പുറമേ നിന്ന് ആളുകള്‍ ഊരുകളിലേക്ക് പ്രവേശിക്കുന്നത് നിരോധിക്കാന്‍ തുടക്കത്തില്‍ തന്നെ ശക്തമായ നിലപാട് എടുക്കാന്‍ സര്‍ക്കാരിന് സാധിച്ചതായി മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. റിസോര്‍ട്ടു കള്‍, ഹോം സ്റ്റേകള്‍, പാരമ്പര്യ ചികിത്സാ കേന്ദ്രങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ എല്ലാം മാര്‍ച്ച് 20 മുതല്‍ തന്നെ നിര്‍ത്തിവച്ചതും ഏറെ സഹായകര മായതായി മന്ത്രി പറഞ്ഞു. അട്ടപ്പാടിയിലെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ അഗളി മിനി സിവില്‍ സ്റ്റേഷനില്‍ ചേര്‍ന്ന യോഗത്തില്‍ എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ, ഒറ്റപ്പാലം സബ് കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, ബ്ലോക്ക്- ഗ്രാമ പഞ്ചായത്ത് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
യോഗത്തിലെ വിലയിരുത്തലുകള്‍ ചുവടെ:
ഏപ്രില്‍ 20 ന് ശേഷം നിയന്ത്രണങ്ങളില്‍ നിബന്ധനകളോടെ ഇളവ് അനുവദിക്കും
നിലവില്‍ രാജ്യമെമ്പാടും മെയ് മൂന്നുവരെയാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രില്‍ 20 ന് ശേഷം മെയ് മൂന്നുവരെ നിബന്ധനകള്‍ക്കു വിധേയമായി നിയന്ത്രണങ്ങളില്‍ ഇളവു അനുവദിക്കുമെന്നും ഏപ്രില്‍ 20 വരെയുള്ള കര്‍ശനനിയന്ത്രണം പാലിക്കണമെന്നും മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. പൊതുഗതാ ഗതം, സ്‌കൂളുകള്‍, ആരാധനാലയങ്ങള്‍, വിവാഹങ്ങള്‍ തുടങ്ങിയവ സംബന്ധിച്ചുള്ള നിയന്ത്രണത്തില്‍ ഇളവ് അനുവദിച്ചിട്ടില്ല. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ആളുകള്‍ അതിര്‍ത്തി കടന്ന് കേരള ത്തിലേക്ക് എത്തുന്നതിനും നിയന്ത്രണമുണ്ടാകും. പാലക്കാട് ജില്ല തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്നതിനാല്‍ ചെറിയൊരു ഇളവ് പോലും ആളുകളുടെ വലിയ ഒഴുക്കിന് ഇടയാക്കും. ഇത്തരം പ്രശ്നങ്ങള്‍ മുന്നില്‍കണ്ട് തന്നെ നിയമലംഘനം നടത്തുന്നവര്‍ ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
കോവിഡ് കെയര്‍ സെന്റര്‍/ ക്യാമ്പുകള്‍ സജീവം
അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും വന്ന അട്ടപ്പാടി നിവാസികളെ നിരീക്ഷണത്തില്‍ താമസിപ്പിക്കുന്നതിന് അഗളി കിലയുടെ നേതൃത്വത്തിലുള്ള കെട്ടിടത്തില്‍ കോവിഡ് കെയര്‍ സെന്റര്‍ പ്രവര്‍ത്തിക്കുകയും മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും ചെയ്തതായി മന്ത്രി അറിയിച്ചു. അട്ടപ്പാടി മേഖലയില്‍ 240 വീടുകളിലായി 276 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 57 എസ്.സി വിഭാഗക്കാരാണ് ഉള്ളത്. ഇവര്‍ക്ക് ആര്‍ക്കുംതന്നെ രോഗലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ ആശുപത്രിയില്‍ ആരും നിരീക്ഷണത്തില്‍ ഇല്ല. കോവിഡ് സെന്ററിലുള്ള 17 പേര്‍ക്കും രോഗലക്ഷണങ്ങള്‍ ഒന്നും കാണപ്പെട്ടിട്ടില്ല. കൂടാതെ, രോഗവ്യാപനം തടയുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ മലയാളത്തിലും തമിഴിലും തയ്യാറാക്കി 4000 പോസ്റ്ററുകള്‍ ഊരുകളില്‍ പതിക്കുകയും ആദിവാസി ഭാഷയില്‍ തന്നെ സന്ദേശങ്ങള്‍ തയ്യാറാക്കി പ്രമോട്ടര്‍മാര്‍ മുഖേന പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
വെന്റിലേറ്ററുകള്‍, ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജം
ആരോഗ്യ മേഖലയിലെ ശൃംഖല ശക്തം
ആരോഗ്യ രംഗവുമായി ബന്ധപ്പെട്ട് ആവശ്യത്തിന് വെന്റി ലേറ്റ റുകള്‍, ഐ.സി യു, ഐസൊലേഷന്‍ വാര്‍ഡുകള്‍ എന്നിവയെല്ലാം മേഖലയില്‍ സജ്ജമാണ്. അടിയന്തിര ഘട്ടത്തില്‍ 1200 പേരെ കിടത്തി ചികിത്സിക്കാനുള്ള സംവിധാനവും പ്രദേശത്ത് സജ്ജ മാണ്. ട്രൈബല്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, മൂന്ന് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 28 സബ് സെന്ററുകള്‍, 45 ഓളം ഡോക്ടര്‍മാര്‍ എന്നിങ്ങനെ ആരോഗ്യവു മായി ബന്ധപ്പെട്ട ശക്തമായ ശ്രേണി തന്നെ അട്ടപ്പാടി മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഡോക്ടര്‍മാര്‍, മറ്റ് ജീവനക്കാര്‍, അവശ്യ മരുന്നുകള്‍ എന്നീ എല്ലാ സൗകര്യങ്ങളുമുള്ള ആറ് മൊബൈല്‍ യൂണിറ്റുകളാണ് ഇവിടെയുള്ളത്. 160 ഊരുകളിലായി 158 ക്യാമ്പുകള്‍ നടത്തിയതിനാല്‍ ആരോഗ്യരംഗവുമായി ബന്ധപ്പെട്ട വലിയ ബോധവത്ക്കരണമാണ് ഉണ്ടാക്കാനായത്.
കമ്മ്യൂണിറ്റി കിച്ചന്‍ തുടക്കമിട്ടത് അട്ടപ്പാടിയില്‍
സംസ്ഥാനത്തിനു തന്നെ മാതൃകയായി അട്ടപ്പാടിയിലാണ് ആദ്യമായി കമ്മ്യൂണിറ്റി കിച്ചന്‍ (സമൂഹ അടുക്കള) തുടക്കമിട്ടത്. ഭൂരിപക്ഷം ഊരുകളിലും കമ്മ്യൂണിറ്റി കിച്ചന്‍ നേരത്തെ പ്രവര്‍ത്തി ച്ചിരുന്നതിനാല്‍ നടത്തിപ്പിനെ സംബന്ധിച്ച് ആശങ്കകള്‍ ഒന്നും നിലനിന്നിരുന്നില്ലെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. 12807 പട്ടികവര്‍ഗ കുടുബാംഗങ്ങള്‍ക്ക് 183 കമ്മ്യൂണിറ്റി കിച്ചനുകളില്‍ നിന്ന് സഹായം ലഭിക്കുന്നുണ്ട്.
ഇതിന് പുറമെ കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം അട്ടപ്പാടി മേഖലയിലെ മൂന്ന് പഞ്ചായത്തുക ളിലായി പ്രവര്‍ത്തിക്കുന്ന നാല് കമ്മ്യൂണിറ്റി കിച്ചനുകളില്‍ നിന്നായി 267 പേര്‍ക്ക് ഭക്ഷണം നല്‍കുന്നു. അനാഥര്‍, ഭിന്ന ശേഷിക്കാര്‍, അലഞ്ഞു തിരിഞ്ഞു നടക്കുന്നവര്‍ തുടങ്ങിയവര്‍ ക്കാണ് ഇതിന്റെ പ്രയോജനം പ്രധാനമായും ലഭിക്കുന്നത്.
അതിഥി തൊഴിലാളികള്‍ക്കും പഞ്ചായത്ത് അധികൃതര്‍ കമ്മ്യൂണിറ്റി കിച്ചന്‍ മുഖേന ഭക്ഷണമെത്തിക്കുന്നു. 38 അതിഥി തൊഴിലാളികള്‍ക്കുള്ള ഭക്ഷണം കോണ്‍ട്രാക്ടര്‍ നേരിട്ടെത്തി ക്കുന്നു. ഇതിനു പുറമെ ലേബര്‍ വകുപ്പ് ഭക്ഷ്യധാന്യ കിറ്റുകളും നല്‍കുന്നുണ്ട്. 240 പേര്‍ക്ക് കിറ്റുകള്‍ വിതരണം ചെയ്ത് കഴിഞ്ഞു. ഇതിന്റെ രണ്ടാം ഘട്ടം നടന്നുവരികയാണ്.
ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം അന്തിമഘട്ടത്തില്‍
സിവില്‍ സപ്ലൈസ് ഇതുവരെ 7965 പേര്‍ക്ക് ഭക്ഷ്യധാന്യ കിറ്റുകള്‍ നല്‍കിക്കഴിഞ്ഞു. മേഖലയില്‍ കിറ്റുകളുടെ വിതരണം ഏപ്രില്‍ 19 ടെ പൂര്‍ത്തീകരിക്കും. പട്ടികവര്‍ഗ വകുപ്പ് 60 വയസ് പൂര്‍ത്തിയാ ക്കിയ എസ്.ടി വിഭാഗക്കാര്‍ക്കായി 1000 രൂപയുടെ പ്രത്യേകം കിറ്റുകളും വിതരണം ചെയ്തു. 3402 കിറ്റുകളാണ് ഇത്തരത്തില്‍ വിതരണം ചെയ്തത്. അന്ത്യോദയ വിഭാഗത്തില്‍പ്പെട്ട 7987 പേര്‍, ബി.പി.എല്‍ വിഭാഗത്തിലെ 223 റേഷന്‍ കാര്‍ഡ് ഉടമകള്‍, 538 ആദിവാസി കുടുംബങ്ങള്‍ ഉള്‍പ്പെടെയുള്ള എ.പി.എല്‍ വിഭാഗക്കാരും സൗജന്യ റേഷന്‍ വാങ്ങിക്കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
പൊലീസ് രജിസ്റ്റര്‍ ചെയ്തത് 145 കേസുകള്‍
അതിര്‍ത്തി പ്രദേശമായതിനാല്‍ തന്നെ പോലീസ് കര്‍ശന നില പാടാണ് ഇവിടെ സ്വീകരിച്ചത്. കോവിഡ് 19 രോഗ പ്രതിരോധ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാല്‍ 145 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 172 പ്രതികളാണുള്ളത്. ഇതില്‍ എപിഡെമിക് ഡിസീസ് ഓര്‍ഡിനന്‍സ് ആക്ട് പ്രകാരം 86 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 67 വാഹനങ്ങള്‍ പിടിച്ചെടുത്തു. അബ്കാരിയുമായി ബന്ധപ്പെട്ട് നാല് കേസുകളും പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 18 ലിറ്റര്‍ നാടന്‍ ചാരായവും 995 ലിറ്റര്‍ വാഷും പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ അറസ്റ്റിലായി. അതിര്‍ത്തി പ്രദേശങ്ങളില്‍ ഓരോ ദിവസവും 75 വീതം പോലീസുകാരെയാണ് നിയോഗിച്ചത്. ആളുകള്‍ പുറത്ത് നിന്ന് വരുന്നത് തടയാന്‍ ഊടുവഴികളിലും പ്രധാന സ്ഥലങ്ങളിലും കര്‍ശന നിലപാട് സ്വീകരിച്ചു.
3140 ലിറ്റര്‍ വാഷ് എക്സൈസ് പിടിച്ചെടുത്തു
അട്ടപ്പാടിയില്‍ എക്സൈസ് വകുപ്പ് 17 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതതായി മന്ത്രി എ.കെ ബാലന്‍ അറിയിച്ചു. മൂന്ന് പേരെ അറസ്റ്റ് ചെയ്തു. 3140 ലിറ്റര്‍ വാഷ്, 9 ലിറ്റര്‍ ചാരായം, 11 ലിറ്റര്‍ ഇന്ത്യന്‍ മെയ്ഡ് ഫോറിന്‍ ലിക്വര്‍ (ഐ.എം.എഫ്), 50 ലിറ്റര്‍ അനധികൃത അരിഷ്ടവും പിടിച്ചെടുത്തു.
കുടിവെള്ള ലഭ്യത ഉറപ്പാക്കും
അഗളി, പുതൂര്‍, ഷോളയൂര്‍ മേഖലയിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിന് ഊരുകളിലേക്ക് വാഹനങ്ങളില്‍ വെള്ളം എത്തിച്ച് കുടിവെള്ള ലഭ്യത ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കും.
വനംവകുപ്പിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തി
വനംവകുപ്പിന്റെ നേതൃത്വത്തില്‍ ചെക്ക്‌പോസ്റ്റുകളില്‍ കൂടുതല്‍ ജീവനക്കാരെ വിന്യസിച്ച് പ്രവര്‍ത്തനം ശക്തിപ്പെടുത്തി. വിദൂരപ്രദേശത്തെ ഊരുകളിലേക്ക് ഭക്ഷണമെത്തിക്കുന്നതിനാവശ്യമായ രണ്ട് വാഹനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ, പഞ്ചായത്തുകള്‍ക്ക് മൂന്ന് വാഹനങ്ങള്‍ വനംവകുപ്പ് അനുവദിച്ചതായും മന്ത്രി അറിയിച്ചു. ആനക്കട്ടി, ചിണ്ടക്കി, സ്വര്‍ണ്ണഗന്ധി ഉള്‍പ്പെടെയുള്ള ഉള്‍വനങ്ങളില്‍ വലിയ തോതിലുള്ള പരിശോധനകള്‍ വനം വകുപ്പ് അധികൃതര്‍ നടത്തിവരുന്നു. ഇതുവരെ 38 റെയ്ഡുകള്‍ അട്ടപ്പാടി മേഖലയില്‍ നടത്തിയതിലൂടെ 850 ലിറ്റര്‍ വാഷ് കണ്ടെത്തി നശിപ്പിച്ചു.
വനവിഭവശേഖരണത്തിനും വിപണനത്തിനും മൂന്ന് സൊസൈറ്റികള്‍
ആദിവാസി വിഭാഗത്തിന്റെ തൊഴിലില്‍ ഉള്‍പ്പെട്ട വനവിഭവശേഖരണത്തിനും വിപണനത്തിനുമായി അട്ടപ്പാടിയില്‍ മൂന്ന് സൊസൈറ്റികള്‍ വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നതായി മന്ത്രി അറിയിച്ചു.
ആനശല്യത്തെ നേരിടാന്‍ എലിഫന്റ് സ്‌ക്വാഡുകള്‍
കിഴക്കന്‍ മേഖലയിലാണ് ആനശല്യം കൂടുതലായുമുള്ളത്. നിലവില്‍ ഏഴ് അംഗങ്ങളുള്ള ഒരു എലിഫന്റ് സ്‌ക്വാഡാണ് ഉള്ളത്. ഒന്നുകൂടി വേണമെന്ന് വനംവകുപ്പ് അധികൃതര്‍ മന്ത്രി എ.കെ ബാലനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍, ഒരു ഫോറസ്റ്റര്‍, അഞ്ച് ട്രൈബല്‍ വിഭാഗക്കാര്‍, പ്രദേശവാസികളും ഉള്‍പ്പെടുന്ന നിലവിലെ എലിഫന്റ് സ്‌ക്വാഡ് വിപുലമായി പ്രവര്‍ത്തിക്കുന്നതായും മന്ത്രി പറഞ്ഞു.
അട്ടപ്പാടിയില്‍ ലോക്ക് ഡൗണ്‍ ഫലപ്രദം
കോവിഡ് -19 ലോകമാകെ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ജില്ലയുടെ അതിര്‍ത്തി പ്രദേശമായതിനാല്‍ അട്ടപ്പാടിയിലെ 20000 ലധികം കുടുംബങ്ങളിലായി 64,000 പേര്‍ താമസിക്കുന്ന പ്രദേശത്ത് അനാസ്ഥ ഉണ്ടായിരുന്നെങ്കില്‍ സ്ഥിതി അതീവ ഗുരുതരമായേനെയെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. സര്‍ക്കാര്‍ തീരുമാനങ്ങളോട് ജനങ്ങള്‍ പരിപൂര്‍ണമായി യോജിച്ച് പ്രവര്‍ത്തിച്ചതാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ കാരണമായത്.. സാമൂഹിക അകലം പാലിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ ലോക്ക് ഡൗണിന് ശേഷവും തുടരണമെന്നും അദ്ദേഹം പറഞ്ഞു.ലോക്ക് ഡൗണില്‍ ഇളവ് കൊണ്ടുവന്നാല്‍ ജനങ്ങളെ നിയന്ത്രിക്കാനാവില്ല. പോലീസിന്റെ ഭാഗത്തുനിന്നും ശക്തമായ ഇടപെടല്‍ ഉണ്ടാകും. സാഹചര്യം നിയന്ത്രിക്കാന്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്ട്, ഐ.പി.സി, സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് എന്നിവ ഫലപ്രദമായി ഉപയോഗിക്കേണ്ടിവരും. കോവിഡ് -19 നിയന്ത്രണത്തില്‍ ഇപ്പോള്‍ കൈവരിച്ച നേട്ടത്തില്‍ നിന്നും പിറകോട്ട് പോകാന്‍ അനുവദിക്കില്ലെന്നും മന്ത്രി ഓര്‍മിപ്പിച്ചു.