മണ്ണാര്‍ക്കാട്: കെ.ടി.എം. ഹൈസ്‌ക്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. വി.കെ. ശ്രീകണ്ഠന്‍ എം.പി. ഉദ്ഘാടനം ചെയ്തു. എസ്.എസ്.എല്‍.സി.യ്ക്ക് തുടര്‍ച്ചയായി 100ശതമാനം വിജയം നേടിയതിനുള്ള സന്തോഷമായി സ്‌കൂളിലെ 15 കുട്ടികള്‍ക്ക് ഡല്‍ഹി സന്ദര്‍ശിക്കുന്നതിനുള്ള അവസരം നല്‍കുമെന്നും എം.പി. പ്രഖ്യാപിച്ചു.

ഡിസംബര്‍മാസംവരെ നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്കാണ് ഇന്ന് തുടക്കമായത്. സ്ഥാപക മാനേജരുടെ മകന്‍ ഡോ. പി. ശ്രീകുമാരന്‍ പതാക ഉയര്‍ത്തി. സംഘാടക സമിതി ചെയര്‍മാനും പൂര്‍വ വിദ്യാര്‍ഥിയുമായ എം. പുരുഷോത്തമന്‍ അധ്യക്ഷനായി. സ്‌കൂള്‍ ആരംഭിച്ച വര്‍ഷം അഡ്മിഷന്‍ രജിസ്റ്ററില്‍ ആദ്യമായി പേര് ചേര്‍ക്കപ്പെട്ട ചാള്‍സ് കുര്യന്‍ ബോസ് എന്ന പൂര്‍വവിദ്യാര്‍ഥിയെ ചടങ്ങില്‍ എം.പി. ആദരിച്ചു. വയനാടിന് കൈത്താങ്ങാവുന്നതിന്റെ ഭാഗമായി വിദ്യാര്‍ഥികളുടെ നേതൃ ത്വത്തില്‍ സ്വരൂപിച്ച സഹായനിധിയും എം.പി.യ്ക്ക് കൈമാറി. പൂര്‍വ വിദ്യാര്‍ഥിയായ ബി. ബിന്ദു സ്‌കൂളിലേക്ക് ലാപ് ടോപ്പും സമ്മാനിച്ചു.

മൂപ്പില്‍നായര്‍ തറവാട്ടിലെ മുതിര്‍ന്ന അംഗങ്ങളില്‍ ഒരാളായ ഇന്ദിര നേത്യാര്‍, സ്‌കൂള്‍ മാനേജര്‍ പി.ആര്‍. ശശിധരന്‍, പ്രധാനാധ്യാപകന്‍ എ.കെ. മനോജ് കുമാര്‍, കെ.പി.എസ്. പയ്യനെടം, നഗരസഭാ കൗണ്‍സിലര്‍ അരുണ്‍കുമാര്‍ പാലക്കുറുശ്ശി, മണ്ണാര്‍ക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സെലീന ബീവി, പി.ടി.എ. പ്രസിഡന്റ് കെ.വി. അമീര്‍, സ്റ്റാഫ് സെക്രട്ടറി വി.എസ് ഗിരീഷ്, സ്‌കൂള്‍ ലീഡര്‍ എം. മനീഷ എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!