തൃത്താല : വിഷുവിന് കണിവെള്ളരിക്കക്കായി ഇനി നെട്ടോട്ടം ഓടേണ്ട. തൃത്താല കാർഷിക കാർണിവലിലുണ്ട് ഒന്നാന്തരം കണിവെള്ളരി. പൊതു വിപണിയിൽ ലഭി ക്കുന്നതിനേക്കാൾ വിലക്കുറവിലാണ് കാർണിവലിൽ വെള്ളരി ഉൾപ്പെടെയുള്ള പച്ചക്കറികൾ വിപണനം ചെയ്യുന്നത്. മന്ത്രി എം ബി രാജേഷിൻ്റെ നേതൃത്വത്തിൽ തൃത്താല മണ്ഡലത്തിൽ നടപ്പാക്കുന്ന സുസ്ഥിര തൃത്താല പദ്ധതിയുടെ ഭാഗമായാണ് കാർഷിക കാർണിവൽ സംഘടിപ്പിക്കുന്നത്.
മണ്ഡലത്തിലെ എട്ട് പഞ്ചായത്തിലെ കർഷകർ കൃഷി ചെയ്തെടുത്ത വിഷരഹിത പച്ചക്കറികളാണ് സുസ്ഥിര തൃത്താല പദ്ധതിയിലൂടെ ജനങ്ങളിലെത്തുന്നത്.വെണ്ട, കയ്പയ്ക്ക , മത്തൻ, ചേന ,കുമ്പളൻ, പടവലം, ചേമ്പ്, പയർ, പലതരം മാങ്ങകൾ, ചക്ക, തണ്ണിമത്തൻ എന്നിവയും കാർണിവല്ലിലെ താരങ്ങളാണ്. കൂടാതെ 170 ഏക്കറോളം സ്ഥലത്ത് വിവിധ ഗ്രൂപ്പുകൾ, സംഘടനകൾ എന്നിവ മുഖേന കൃഷി ചെയ്താണ് പച്ചക്കറി കൃഷി ജനകീയമായത്. ഇങ്ങനെ കൃഷി ചെയ്ത പച്ചക്കറികൾ മിതമായ നിരക്കിൽ ജനങ്ങളിലെത്തിച്ച് കാർഷിക മേഖലയുടെ വികസനം യാഥാർത്ഥ്യമാക്കുകയാണ് കാർഷിക കാർണിവലിൻ്റെ ലക്ഷ്യം.
“കാർഷിക ഉല്പനങ്ങൾ ഇടനിലക്കാരില്ലാതെ നേരിട്ട് വിപണനം ചെയ്യുന്നതിനാൽ ഞങ്ങൾ കർഷകർക്ക് ഈ മേള വലിയൊരു ആശ്വാസമാണ്. നല്ല ലാഭവും കിട്ടുന്നുണ്ട്” കർഷകനും വാഴക്കാട് പാടശേഖരം സെക്രട്ടറിയുമായ അബ്ദുൾ ഹമീദ് അഭിപ്രായപ്പെട്ടു.
പൊതുവിപണിയിലെ വിലയേക്കാൾ കുറഞ്ഞ നിരക്കിൽ വില്പന നടത്തുന്നതിനാൽ പച്ചക്കറി വാങ്ങാനുള്ള ആളുകളുടെ എണ്ണവും കൂടുതലാണെന്നാണ് കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ മാരിയത്ത് കിബിത്തിയയുടെ അഭിപ്രായം. നാട്ടുകാരാണെങ്കിൽ വിഷുവിന് കൈയെത്തും ദൂരത്ത് ഒന്നാന്തരം പച്ചക്കറി കിട്ടിയ സന്തോഷത്തിലുമാണ്.
