തൃത്താല: മന്ത്രി എം ബി രാജേഷിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന തൃത്താല കാർഷിക കാർണിവലിന് തുടക്കമായി. തൃത്താല നിയോജകമണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി നടപ്പാക്കുന്ന സുസ്ഥിര തൃത്താലയുടെ ഭാഗമായാണ് കാർഷിക കാർണിവൽ തൃത്താലയിൽ സംഘടിപ്പിച്ചിട്ടുള്ളത്.
വിഷു-റംസാനോടനുബന്ധിച്ച് മണ്ഡലത്തിലെ കാർഷിക ഉല്പന്നങ്ങളുടെ വിപണവും കാർഷിക മേഖലയിലെ ഉന്നമനവും ലക്ഷ്യമാക്കി മന്ത്രി എം ബി രാജേഷ് മുൻകൈ എടുത്താണ് നാഗലശ്ശേരി വാഴക്കാട് പാടശേഖരത്തിൽ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന കാർഷിക കാർണിവൽ ആഘോഷിക്കുന്നത്.
ആദ്യ ദിനത്തിൽ വിളവെടുപ്പ് മഹോത്സവം, ഉൽപ്പന്നങ്ങളുടെ വിപണനമേള, നാടൻ കലാരൂപങ്ങളുടെ അവതരണം, നാടൻ ഭക്ഷ്യവിഭവമേള, മത്സ്യവിപണന മേള, സാംസ് കാരിക ഘോഷയാത്ര എന്നീ വൈവിധ്യങ്ങളായ പരിപാടികളാണ് നടന്നത്. വിളവെടുപ്പ് മഹോത്സവം മലബാർ സിമൻറ് ഡയറക്ടർ ഇ എൻ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. നാടൻ ഭക്ഷ്യവിഭവങ്ങളുടെ മേളയും ലൈവ് ഫിഷ് വിപണനമേളയും കാർണിവലിൻ്റെ മുഖ്യ ആകർഷണങ്ങളാണ്.
കാർഷിക മേളയുടെസമാപന സമ്മേളനത്തിൻ്റെ ഉദ്ഘാടനം 13 ന് വൈകീട്ട് അഞ്ചിന് തദ്ദേശസ്വയംഭരണ-എക്സൈസ്-പാർലിമെൻ്ററികാര്യ വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിർവ്വഹിക്കും.തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. വി.പി. റജീന അധ്യക്ഷയാകും.മണ്ഡലത്തിലെ മികച്ച കർഷകരെയും സംസ്ഥാന സ്കൂൾ ശാസ്ത്ര-കലാ-കായിക മേളകളിൽ പങ്കെടുത്ത വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിക്കും. 7.30 ന് പുനർജ്ജനി ഫോക്ക് ബാൻഡ് അവതരിപ്പിക്കുന്ന നാടൻപാട്ടും ഉണ്ടായിരിക്കും.
കൃഷിവകുപ്പ്, ആത്മ, മത്സ്യബന്ധന വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, ക്ഷീരവികസന വകുപ്പ്, കുടുംബശ്രീ, മണ്ണ് പര്യവേഷണ വകുപ്പ്, തദ്ദേശസ്ഥാപനങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളും ഏജൻസികളും കാർഷിക മേളയിൽ പങ്കാളികളാണ്.
