ഒലവക്കോട് :കോവിഡ് – 19 രോഗ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഒലവക്കോട് റെയിൽവേ സ്റ്റേഷൻ വൃത്തിയാക്കി ജില്ലാ അഗ്നിശമന സേനാംഗങ്ങൾ. ജനത കർഫ്യൂ പ്രഖ്യാപിച്ചതിനാൽ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ ഉണ്ടാകാൻ ഇടയില്ലാത്ത സാഹചര്യം കണക്കിലെടുത്താണ് ശുചീകരണ പ്രവർത്തനം നടത്തിയത്.10 ലിറ്റർ സോഡിയം ഹൈപ്പോക്ലോറൈറ്റ് 400 ലിറ്റർ വെള്ളത്തിൽ കലർത്തി ആന്റി വൈറസ് സൊല്യൂഷൻ തയ്യാറാക്കുകയും ഇത് ഫസ്റ്റ് റെസ്പോൺസ് ഫയർ ടെൻഡറിൽ നിറച്ച് ഉയർന്ന മർദ്ദത്തിൽ പമ്പ് ചെയ്താണ് ശുചീകരണ പ്രവർത്തനം നടത്തിയത്. വൈറസ് പറ്റി പിടിക്കാനിടയുള്ള പ്ലാസ്റ്റിക്, സ്റ്റീൽ, മെറ്റൽ തുടങ്ങിയ പ്രതലങ്ങൾ, ഇരിപ്പിടങ്ങൾ, കൗണ്ടറുകൾ, പ്ലാറ്റ്ഫോമിലേക്കുള്ള വഴികൾ തുട ങ്ങിയിടങ്ങളില്ലെല്ലാം മിശ്രിതം ഉപയോഗിച്ച് വൈറസ് വിമുക്ത മാക്കി. സ്റ്റേഷൻ മാനേജറുടെ പ്രത്യേക അനുമതിയോടെ ജില്ലാ അഗ്നിശമന സേനാ ജില്ലാ മേധാവി അരുൺ ഭാസ്കറിന്റെ നേതൃത്വത്തിൽ (മാർച്ച് 22 ) രാവിലെ 8 മുതൽ 10 വരെയാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു റെയിൽവേ സ്റ്റേഷൻ ഇത്തരത്തിൽ ആന്റി വൈറസ് മിശ്രിതം ഉപയോഗിച്ച് വൃത്തിയാക്കുന്നതെന്ന് അരുൺ ഭാസ്ക്കർ പറയുന്നു.