മണ്ണാര്‍ക്കാട് : തച്ചമ്പാറയിലെ ഇസാഫ് ഹോസ്പിറ്റലില്‍ തീപിടിത്തം. പരിഭ്രാന്തി. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. ആശുപത്രിയോട് ചേര്‍ന്നുള്ള എക്‌സ്‌റേ മുറിയിലെ എസിയുടെ ഔട്ട്‌ഡോര്‍ യൂണിറ്റിലാണ് അഗ്നിബാധയുണ്ടായത്. ഉടന്‍ ആശുപ ത്രിയിലുള്ള അഗ്നിശമന ഉപകരണങ്ങള്‍ ഉപയോഗിച്ച് ജീവനക്കാര്‍ തീയണക്കാന്‍ ശ്രമിച്ചു. വിവരം അഗ്നിരക്ഷാസേനയേയും അറിയിച്ചു. വട്ടമ്പലം അഗ്നിരക്ഷാ നിലയത്തില്‍ നിന്നും സ്റ്റേഷന്‍ ഓഫിസര്‍ സുല്‍ഫീസ് ഇബ്രാഹിമിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍ സജിത്ത് മോന്‍, ഫയര്‍ ആന്‍ഡ് റസ്‌ക്യു ഓഫീസര്‍ മാരായ അജീഷ്, വി.സുരേഷ്‌കുമാര്‍, പ്രശാന്ത്, നിഷാദ്, ഹോം ഗാര്‍ഡ് അനില്‍കുമാര്‍, ഡ്രൈവര്‍ രാഗില്‍ എന്നിവരടങ്ങുന്ന സംഘം സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയ മാക്കി. ഒരു ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടം കണക്കുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപടിത്തത്തിന് കാരണമെന്ന് അഗ്നിരക്ഷാ സേന അറിയിച്ചു.