കുമരംപുത്തൂര്‍ : പമ്പിംഗ് കേന്ദ്രത്തിലെ മോട്ടോറുകള്‍ തകരാറായതിനെ തുടര്‍ന്ന് കുമരംപുത്തൂര്‍ പഞ്ചാത്തില്‍ കുടിവെള്ള വിതരണം മുടങ്ങി. ബദല്‍സംവിധാനവും ഏര്‍പ്പെടുത്താത്തതിനാല്‍ 18 വാര്‍ഡുകളിലേയും ജനങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നു. കുന്തിപ്പുഴ പാലത്തിന് താഴെ ഭാഗത്താണ് പഞ്ചായത്തിന്റെ പമ്പിംഗ് കേന്ദ്രമുള്ളത്. 30 എച്ച്.പി.യുടെ രണ്ട് മോട്ടോറുകളാണ് ഇവിടെയുള്ളത്. രണ്ടും കേടായ തോടെയാണ് പ്രതിസന്ധി രൂക്ഷമായിട്ടുള്ളത്. ചുങ്കത്തുള്ള പഞ്ചായത്ത് ഓഫീസിന്റെ ശുദ്ധീകരണ ജലസംഭരണിയിലേക്കാണ് ഇവിടെനിന്നും വെള്ളം പമ്പുചെയ്യുന്നത്. തുടര്‍ ന്ന് വട്ടമ്പലം, ചങ്ങലീരി, വെള്ളപ്പാടം മേഖലകളിലെ ജലസംഭരണിയിലേക്കും വെള്ളം പമ്പുചെയ്താണ് സമഗ്രമായവിതരണം. 2700 ഗുണഭോക്താക്കളാണ് പഞ്ചായത്തിന്റെ പരിധിയിലുള്ളത്. പഴയ മോട്ടോര്‍ കേടായതിനെ തുടര്‍ന്ന് അറ്റകുറ്റപ്പണിക്ക് കൊണ്ടു പോയിട്ട് നാളുകളായി. ഇതോടെ മറ്റൊരു മോട്ടോര്‍ ഉപയോഗിച്ചായിരുന്നു പമ്പിംഗ്. ഉപയോഗക്ഷമതകൂടിയതോടെ ഇതും കേടാവുകയായിരുന്നു. മോട്ടോറിന്റെ അറ്റകുറ്റ പ്പണികള്‍ തുടങ്ങിയിട്ട് മൂന്നുദിവസമായി. വ്യാഴാഴ്ചയോടെ ജലവിതരണം പുനഃസ്ഥാപി ക്കാനാവുമെന്ന് പഞ്ചായത്തധികൃതര്‍ പറഞ്ഞു. വീട്ടുകിണറുകളിലും ജലനിരപ്പ് താഴ്ന്നതോടെയാണ് ആളുകള്‍ ബുദ്ധിമുട്ടിലായത്.