മണ്ണാര്‍ക്കാട് : യുഗപുരുഷന്‍ ശ്രീനാരായണ ഗുരുദേവന്റെ 169-ാമത് ജന്‍മദിനം വ്യാഴാഴ്ച താലൂക്കില്‍ വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന് എസ്.എന്‍.ഡി.പി യോഗം മണ്ണാര്‍ക്കാട് താലൂക്ക് യൂണിയന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ ശാഖാതലങ്ങളില്‍ ഗുരുപൂജ,പതാക ഉയര്‍ത്തല്‍, പ്രാര്‍ത്ഥന, പായ സവിതരണം എന്നിവ നടക്കും. വൈകിട്ട് എല്ലാ ശാഖകളിലേയും അംഗങ്ങള്‍ നെല്ലിപ്പുഴ യില്‍ സംഗമിക്കും. മൂന്ന് മണിയോടെ ഇവിടെ നിന്നും വാദ്യമേളങ്ങളുടെ അകമ്പടി യോടെ ആരംഭിക്കുന്ന സംസ്‌കാരിക ഘോഷയാത്ര കോടതിപ്പടിയിലെത്തി പൊതു സമ്മേളന നഗരിയായ ജി.എം.യു.പി സ്‌കൂളില്‍ സമാപിക്കും. സമ്മേളനം എന്‍.ഷംസുദ്ദീ ന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. കോട്ടപ്പുറം എസ്.എന്‍ കോളജ് അധ്യാപകന്‍ കെ. കെ.വിനോദ്കുമാര്‍ സന്ദേശം നല്‍കും. യൂണിയന്‍, യൂത്ത് മൂവ്‌മെന്റ്, വനിതാസംഘം ഭാരവാഹികള്‍ സംസാരിക്കും. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ സമ്പൂര്‍ണ എപ്ലസ് നേടിയ കുട്ടികള്‍ക്കുള്ള അവാര്‍ഡ് ദാനം, ആദരിക്കല്‍ എന്നിവയും നടക്കും. സംസ്‌കാരിക ഘോഷയാത്രയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ശാഖകള്‍ക്ക് സമ്മാ നങ്ങളും നല്‍കും. വാര്‍ത്താ സമ്മേളനത്തില്‍ എസ്.എന്‍.ഡി.പി യോഗം മണ്ണാര്‍ക്കാട് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് എന്‍.ആര്‍.സുരേഷ്, സെക്രട്ടറി കെ.വി.പ്രസന്നന്‍, യൂണിയന്‍ കൗണ്‍സിലര്‍മാരായ എം.രാമകൃഷ്ണന്‍ മാസ്റ്റര്‍, സി.കെ.ഷാജി, യൂത്ത് മൂവ് മെന്റ് പ്രസിഡന്റ് എ.രാജപ്രകാശ്, രാമചന്ദ്രന്‍, അശോകന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.